ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഓക്സ്‌ഫോർഡ് : ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് ഇന്ത്യൻ പൈതൃകം തടസമായി മാറി. ഇന്ത്യൻ – ബ്രിട്ടീഷ് ദമ്പതികൾക്ക് ഒരു ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് സാധിക്കുന്നില്ല. കൗൺസിലിന്റെ ഈയൊരു നടപടിക്കെതിരെ കോടതിയെ സമീപിക്കാനും അവർ തയ്യാറായി. ബെർക്ക്‌ഷെയറിലെ മൈഡൻഹെഡിൽ നിന്നുള്ള സന്ദീപ് – റീന മന്ദർ ദമ്പതികളാണ് വിവേചനത്തിന് ഇരയായത്. ദത്തെടുക്കുന്നവരുടെ രജിസ്റ്ററിൽ അപേക്ഷിക്കാൻ പോലും അവർക്ക് സാധിച്ചില്ല. ഇന്ത്യയിലോ പാകിസ്ഥാനിലോ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ സാധ്യതകൾ മെച്ചപ്പെടുമെന്ന് അധികൃതർ പറയുകയുണ്ടായി. ഇതിനെതിരെയാണ് ദമ്പതികൾ പോരാടുന്നത്. റോയൽ ബറോ ഓഫ് വിൻഡ്‌സറിനും മൈഡൻഹെഡ് കൗൺസിലിനുമെതിരെയുമാണ് ഓക്‌സ്‌ഫോർഡ് കൗണ്ടി കോടതിയിൽ വിചാരണ നടക്കുന്നത്. ഈ കേസിന് മനുഷ്യാവകാശ കമ്മീഷന്റെ പിന്തുണയുമുണ്ട്.
കൗൺസിലിന്റെ ദത്തെടുക്കൽ സേവനമായ അഡോപ്റ്റ് ബെർക്‌ഷയർ 2015 ൽ നടത്തിയ ഒരു സെമിനാറിൽ പങ്കെടുത്തതിന് ശേഷമാണ് ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്. അതിനെത്തുടർന്ന് ഒരപേക്ഷ സമർപ്പിക്കാനും അവർ താത്പര്യം കാണിച്ചു. റോയൽ ബോറോയുമായി ബന്ധപെട്ടപ്പോൾ താൻ ജനിച്ചതെവിടെയെന്ന് സന്ദീപിനോടായി അവർ ചോദിച്ചു. രണ്ടുപേരും ബ്രിട്ടനിലാണ് ജനിച്ചു വളർന്നത് എങ്കിലും മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചവരാണെന്ന് പറഞ്ഞപ്പോൾ, അവരുടെ “ഇന്ത്യൻ പശ്ചാത്തലം” കാരണം ദത്തെടുക്കാൻ സാധ്യതയുള്ളവരായി അംഗീകരിക്കപ്പെടില്ലെന്ന് തന്നോട് പറഞ്ഞതായി സന്ദീപ് കോടതിയിൽ പറഞ്ഞു. തങ്ങൾ ദത്തെടുക്കുന്ന ഏതൊരു കുട്ടിക്കും സ്നേഹസമ്പന്നമായ ഒരു വീട് വാഗ്ദാനം ചെയ്തിട്ടും ഇന്ത്യൻ പൈതൃകം കാരണം അപേക്ഷ നിഷേധിച്ചതായും സന്ദീപ് വെളിപ്പെടുത്തി.
2010 ലെ തുല്യതാ നിയമത്തിലെ 13-ാം വകുപ്പും മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷനും ലംഘിച്ച് തങ്ങൾക്കെതിരെ വംശീയാധിക്ഷേപമാണ് നടത്തിയതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കൗൺസിൽ നിരസിച്ചു. മൂന്നു വയസിനു താഴെയുള്ള ഒരു കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിനാലാണ് അവരുടെ അപേക്ഷ മാറ്റിവെച്ചതെന്ന് കൗൺസിൽ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
Leave a Reply