ന്യൂസ് ഡെസ്ക്, മലയാളം യുകെ

അറ്റ്ലാൻ്റിക് സമുദ്രം സാഹസികമായി കടക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 18 നാണ് സാറ പാക്ക്വുഡിനെയും ഭർത്താവ് ബ്രെറ്റ് ക്ലിബറിയെയും കാണാതായത്. അറ്റ് ലാൻ്റിക് സമുദ്രത്തിന് കുറുകെ സാഹസിക യാത്രയ്ക്ക് പോയ ദമ്പതികളെ ഏകദേശം ആറ് ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ബ്രിട്ടീഷുകാരിയായ സാറാ പാക്ക്‌വുഡും അവളുടെ കനേഡിയൻ ഭർത്താവ് ബ്രെറ്റ് ക്ലിബറിയും ജൂലൈ 12 ന് കാനഡയിലെ നോവ സ്കോട്ടിയയ്‌ക്കടുത്തുള്ള സാബിൾ ദ്വീപിൽ വെച്ച് അപകടത്തിൽ പെട്ടതായാണ് കരുതപ്പെടുന്നത്.


13 മീറ്റർ നീളമുള്ള പരിസ്ഥിത സൗഹൃദ യാച്ചിൽ ആണ് ദമ്പതികൾ ഇരുവരും യാത്ര ചെയ്തിരുന്നത്. ഏകദേശം 3228 കിലോമീറ്റർ അകലെയുള്ള അസോറസിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. മിസ്റ്റർ ക്ലിബറിയുടെ മകൻ ജെയിംസ് ആണ് ദമ്പതികൾ മരിച്ചുവെന്ന് സ്ഥിരീകരിച്ചത്. സാഹസിക ദമ്പതികൾ എന്ന് പേരെടുത്ത ഇവർ എങ്ങനെ അപകടത്തിൽ പെട്ടെന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അപകടം നടന്നതിനെ കുറിച്ച് പല വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരു ചരക്ക് കപ്പൽ യാച്ചിൽ ഇടിച്ചതാകാം അപകടത്തിന് കാരണമായതെന്ന് കനേഡിയൻ വാർത്താ വെബ്‌സൈറ്റ് സാൾട്ട്‌വയർ അഭിപ്രായപ്പെട്ടു. കനേഡിയൻ കോസ്റ്റ്ഗാർഡും സൈനിക തിരച്ചിൽ വിമാനവും അവശിഷ്ടങ്ങളോ ബോട്ടിൻ്റെ ഏതെങ്കിലും അടയാളമോ കണ്ടെത്തിയിട്ടില്ലെന്ന് സാൾട്ട്‌വയർ റിപ്പോർട്ട് ചെയ്യുന്നു.

ഫോസിൽ ഇന്ധനം ഇല്ലാതെയായിരുന്നു ഇവരുടെ യാത്ര. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കാതെ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുവെന്ന് ഏപ്രിൽ 12 ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ മിസ്റ്റർ ക്ലിബറി പറഞ്ഞിരുന്നു. 2015 -ൽ ലണ്ടനിൽ വച്ച് യാദൃശ്ചികമായി കണ്ടു വിവാഹം കഴിച്ചവരാണ് ഇരുവരും. ദ ഗാർഡിയനിലെ 2020 ലെ “ഹൗ വി മെറ്റ്” ലേഖനത്തിൽ അവരുടെ ക.ഥ പ്രസിദ്ധീകരിച്ചിരുന്നു. 1994-ലെ വംശഹത്യയ്ക്ക് ശേഷം യുഎന്നിനൊപ്പം റുവാണ്ടയിൽ ജോലി ചെയ്തിരുന്ന വാർവിക്ഷയർ സ്വദേശിയായ പാക്ക്‌വുഡ് ഒരു മനുഷ്യസ്‌നേഹി എന്ന നിലയിൽ നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം നേടിയിരുന്നു.