ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തെറ്റായ യാത്രാ വിവരങ്ങൾ നൽകിയ ലേബർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി ദമ്പതികൾ. ഒമിക്രോൺ പൊട്ടിപുറപ്പെട്ട ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് ദമ്പതികളായ ഹാൻകോക്കും എമിലി മെന്നിയുമാണ് ലേബർ എംപി ഡോ. റോസെന അല്ലിൻ-ഖാനെതിരെ രംഗത്തെത്തിയത്. “പൂർണമായി വാക്സിനേഷൻ സ്വീകരിച്ച ബ്രിട്ടീഷുകാർ രാജ്യത്ത് എത്തുമ്പോൾ ഹോട്ടൽ ക്വാറന്റീനിൽ കഴിയേണ്ട” എന്ന തെറ്റായ സന്ദേശമാണ് എംപി നൽകിയത്. ഇതിനെതിരെ രംഗത്തെത്തിയ അവർ , നമ്മുടെ എംപി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന പരിഹാസ ചോദ്യമുയർത്തി. ലണ്ടനിലെ ടൂട്ടിംഗിൽ നിന്നുള്ള ഹാൻകോക്കും എമിലിയും എംപിയ്ക്ക് അയച്ച ഇമെയിലിന് വന്ന മറുപടിയിലാണ് ഇത്തരം തെറ്റായ സന്ദേശങ്ങൾ ഉൾകൊള്ളുന്നത്.
എംപിയിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് ദമ്പതികൾ പറഞ്ഞു. രാജ്യത്തെത്തുന്നവർ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ പോകുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് യുകെ ഗവണ്മെന്റ് വെബ്സൈറ്റ് മാർഗ്ഗനിർദേശത്തിൽ നിന്ന് വ്യക്തമാണ്. ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ നിരവധി ബ്രിട്ടീഷുകാരാണ് കുടുങ്ങികിടക്കുന്നത്. തങ്ങളെ ഉപേക്ഷിച്ചു പോയ ബ്രിട്ടീഷ് എയർവേയ്സിനെ അവർ കുറ്റപ്പെടുത്തി.
വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും ഹീത്രോയിലെ ക്വാറന്റീൻ ഹോട്ടൽ നിറഞ്ഞതും കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. തിരിച്ചു നാട്ടിലെത്തി ക്രിസ്മസ് ആഘോഷിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ യാത്രാ പ്രതിസന്ധി പരിഹരിച്ച്, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ സർക്കാർ എത്രയും വേഗം തയ്യാറാവാണമെന്ന് അവർ ആവശ്യപ്പെട്ടു.
Leave a Reply