ഹോം ഓഫീസ് വിസ നീട്ടി നല്‍കാനുള്ള അപേക്ഷ നിരസിച്ചതോടെ പങ്കാളിയെ വിട്ട് ഫിലിപ്പൈന്‍സിലേക്ക് തിരികെ പോകേണ്ടി വന്നിരിക്കുകയാണ് ക്രിസ്റ്റി മാന്‍ഗാന്റിക്ക്. വിസ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ ബാക്കി നില്‍ക്കെയാണ് ക്രിസ്റ്റി വിസ പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ക്രിസ്റ്റിയുടെ ഡൊമസ്റ്റിക് വര്‍ക്കര്‍ വിസ പുതുക്കി നല്‍കാന്‍ കഴിയില്ലെന്ന് ഹോം ഓഫീസ് അധികൃതര്‍ അറിയിച്ചു. ഇതര വിസകള്‍ക്കായി അപേക്ഷിക്കണമെങ്കില്‍ രാജ്യത്തിന് പുറത്തു പോവേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബന്ധുക്കളോടപ്പം ക്രിസ്റ്റി യുകെയിലെത്തുന്നത്. ബ്രിട്ടനിലെത്തി ആഴ്ച്ചകള്‍ക്ക് ശേഷം ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട റിച്ചാര്‍ഡ് ബ്രൗണുമായി ക്രിസ്റ്റി പ്രണയത്തിലായി. ഇരുവരുടെയും പ്രണയം വളര്‍ന്നതോടെ ക്രിസ്റ്റി റിച്ചാര്‍ഡിനോപ്പം ജീവിതവും ആരംഭിച്ചിരുന്നു. ആഴ്ച്ചകള്‍ക്ക് മുന്‍പ് ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്തു.

ക്രിസ്റ്റിയുടെ വിസ കാലാവധി നീട്ടാന്‍ കഴിയുമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് വളരെ വേഗത്തിലായിരുന്നു. ക്രിസ്റ്റിയുടെ അപേക്ഷ ഹോം ഓഫീസ് തള്ളിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. യുകെയില്‍ തുടര്‍ന്നുകൊണ്ട് ഫിയാന്‍സി വിസയ്ക്കായി അപേക്ഷ നല്‍കാന്‍ കഴിയില്ല. അതിനായി ഫിലിപ്പൈന്‍സിലേക്ക് തിരിച്ചു പോകേണ്ടി വരും. സെക്യൂരിറ്റി ജിവനക്കാര്‍ അവളെ തിരിച്ചയക്കാനായി കൊണ്ടുപോകുന്നത് വേദന ജനിപ്പിക്കുന്ന കാഴ്ച്ചയാണെന്ന് റിച്ചാര്‍ഡ് പറഞ്ഞു. ജീവിതത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ക്ക് ധാരാളം പണം ആവശ്യമാണ്. തികച്ചും നിരാശ തോന്നുന്നതായും റിച്ചാര്‍ഡ് പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡൊമസ്റ്റിക് വര്‍ക്കിംഗ് വിസ നീട്ടി ലഭിക്കില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഇനി ഫിയാന്‍സി വിസ ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തണമെന്നും റിച്ചാര്‍ഡ് പറയുന്നു. ഹോം ഓഫീസ് തങ്ങളില്‍ നിന്നും 1,493 പൗണ്ട് ഈടാക്കിയതായി റിച്ചാര്‍ഡ് അവകാശപ്പെട്ടു. കൂടാതെ ഇവര്‍ അപേക്ഷകള്‍ നല്‍കുന്നതിനായി സമീപിച്ച സ്ഥാപനം തെറ്റായ ഫോമായിരുന്നു ഹോം ഓഫീസില്‍ സമര്‍പ്പിച്ചത്. ഈ സ്ഥാപനം ഇവരില്‍ നിന്നും 2500 പൗണ്ട് ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പൈന്‍സിലേക്ക് തിരിച്ചു പോകുക മാത്രമെ വഴിയുള്ളുവെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് റിച്ചാര്‍ഡ് പറയുന്നു. ഫിലിപ്പൈന്‍സിലേക്ക് പോകുന്നതിനായി ഇവര്‍ക്ക് 1500 പൗണ്ട് വീണ്ടും ചെലവഴിക്കേണ്ടി വരും. ആഗസ്റ്റില്‍ ക്രിസ്റ്റിക്ക് തിരിച്ചു വരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവരുടെ വിവാഹം ഒക്ടോബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.