കഴിഞ്ഞ 56 വര്‍ഷങ്ങളായി മൈക്കിള്‍ ബ്രെയിത്‌വെയിറ്റ് താമസിക്കുന്നത് യുകെയിലാണ്. ഭാര്യയും മക്കളും പേരക്കുട്ടികളുമെല്ലാം യുകെയില്‍ ജനിച്ചു വളര്‍ന്നവരും. പക്ഷേ യുകെയില്‍ ജീവിതം മുന്നോട്ട് നയിക്കാനും തൊഴിലെടുക്കാനുമുള്ള മതിയായ രേഖകള്‍ ബ്രെയിത്‌വെയിറ്റിന്റെ കൈവശമില്ലെന്നാണ് അധികാരികള്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജോലിയും നഷ്ടപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബയോമെട്രിക് കാര്‍ഡുകള്‍ സ്വന്തമായില്ലാത്തവര്‍ക്ക് തൊഴിലെടുക്കാന്‍ അവകാശമില്ലെന്നാണ് അധികൃതരില്‍ നിന്ന് വിശദീകരണം ലഭിച്ചത്. 66കാരനായ ബ്രെയിത്‌വെയിറ്റിന് ജോലി നഷ്ടമായതില്‍ കടുത്ത നിരാശയുണ്ട്. തന്റെ മാതൃദേശത്തിന് തുല്യമായിട്ടാണ് ബ്രിട്ടനെ അദ്ദേഹം കണ്ടിരുന്നത്. ഇമിഗ്രേഷന്‍ സംബന്ധിച്ച നിയമങ്ങള്‍ കടുപ്പിച്ചതോടെ ഇദ്ദേഹത്തെപ്പോലെ നിരവധി പേര്‍ക്കാണ് ജോലിയും യുകെയില്‍ താമസിക്കാനുള്ള അവകാശവും നഷ്ടപ്പെട്ടിരിക്കുന്നത്.

സ്വദേശമായ ബാര്‍ബഡോസില്‍ നിന്നും 1961ല്‍ കുടുംബത്തോടപ്പം ബ്രിട്ടനിലെത്തിയതാണ് ബ്രയെിത്‌വെയിറ്റ്. ആ സമയത്ത് അദ്ദേഹത്തിന് വെറും 9 വയസ് മാത്രമാണ് പ്രായം. പ്രാഥമിക വിദ്യഭ്യാസവും കോളേജ് പഠനവുമെല്ലാം യുകെയില്‍ തന്നെ. അച്ഛന് പോസ്റ്റ് ഓഫീസിലായിരുന്നു ജോലി. വിവാഹം കഴിച്ചത് ലണ്ടനില്‍ നിന്നാണ്. മൂന്ന് മക്കളും 5 പേരക്കുട്ടികളും അടങ്ങുന്നതാണ് ബ്രെയിത്‌വെയിറ്റിന്റെ കുടുംബമിപ്പോള്‍. യുകെ തന്റെ ജന്മദേശമായിത്തന്നെയായിരുന്നു അദ്ദേഹം കണ്ടിരുന്നത്. ഇത്തരമൊരു നിയമക്കുരുക്കിലേക്ക് എത്തിപ്പെടുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ കൂടി കരുതിയിരുന്നില്ല. 1973ല്‍ ബ്രെയിത്‌വെയിറ്റ് ബ്രിട്ടനില്‍ എത്തിച്ചേരുന്ന സമയത്ത് യുകെയില്‍ സ്ഥിര താമസമാക്കാന്‍ ഇതര രാജ്യങ്ങളിലെ പൗരന്മാരെ അനുവദിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതിനായി അനേകം രേഖകള്‍ ഹാജരാക്കേണ്ടതില്ലായിരുന്നു. എന്നാല്‍ 2013ല്‍ തെരേസ മേയ് ഹോം സെക്രട്ടറിയായിരിക്കുന്ന സമയത്ത് നിയമങ്ങളില്‍ മാറ്റം വരുത്തി.

തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമാണോയെന്ന് ജോലി നല്‍കുന്നവര്‍ ഉറപ്പു വരുത്തണമെന്ന് 2013ലെ ഹോസ്‌റ്റൈല്‍ എന്‍വയണ്‍മെന്റ് പോളിസിയില്‍ പറയുന്നു. അതുപോലെ എന്‍എച്ച്എസും രോഗികളുടെ രേഖകള്‍ പരിശോധിച്ച് കൃത്യമാണോയെന്ന് ഉറപ്പു വരുത്തണം. ലാന്റ്‌ലോഡ്‌സും ജോബ്‌സെന്ററുകളും 2013ലെ പോളിസി പാലിക്കേണ്ടതുണ്ട്. 44 വര്‍ഷം യുകെയില്‍ താമസിച്ചിരുന്ന ആല്‍ബര്‍ട്ട് തോംസണ്‍ എന്ന വ്യക്തിക്ക് മതിയായ രേഖകളില്ലെന്ന് ആരോപിച്ച് എന്‍എച്ച്എസ് ചികിത്സ നിഷേധിച്ചിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് റേഡിയോതെറാപ്പി നല്‍കാന്‍ സാധിക്കുകയില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സാവശ്യങ്ങള്‍ക്കായി നടന്ന ഫണ്ട് റെയിസിംഗില്‍ വെറും 5 ദിവസംകൊണ്ട് 24,000 പൗണ്ട് ശേഖരിച്ചിരുന്നു.