ന്യൂസ് ഡെസ്ക് മലയാളം യുകെ
ആംസ്റ്റർഡാം : ഈസിജെറ്റ് വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ ഹണിമൂണിന് പോയ നവദമ്പതികൾ. ആംസ്റ്റർഡാമിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ നതാഷയും ക്രിസ് സ്റ്റുവർട്ടുമാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിമാനത്താവളത്തിൽ 14 മണിക്കൂർ കാത്തിരിക്കേണ്ടതായും വന്നു. ഏപ്രിൽ 22 വെള്ളിയാഴ്ച ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ നതാഷയും ക്രിസും നാട്ടിലെത്താനുള്ള വിമാനം കാത്തിരിക്കുകയായിരുന്നു. എന്നാൽ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടതോടെ ദമ്പതികൾ പ്രതിസന്ധിയിലായി. പിന്നീട്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലിൽ താമസിച്ച ശേഷം അവർ ഞായറാഴ്ച വൈകുന്നേരം 5.35 ന് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും ഫ്ലൈറ്റ് വീണ്ടും റദ്ദാക്കിയ വിവരം ലഭിച്ചു.
എയർ ട്രാഫിക് കൺട്രോൾ നിയന്ത്രണങ്ങൾ കാരണമാണ് ഫ്ലൈറ്റ് റദ്ദാക്കിയതെന്നാണ് ഈസിജെറ്റ് അധികൃതർ നൽകുന്ന വിവരം. ‘ഹണിമൂൺ പൂർത്തിയായതിന് ശേഷവും വീട്ടിൽ പോകാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ബെൽഫാസ്റ്റിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഏകദേശം 14 മണിക്കൂർ ഞങ്ങൾ ഒരു വിമാനത്താവളത്തിൽ ചെലവഴിച്ചു. ഈ പ്രതിസന്ധി ഞങ്ങളുടെ ഹണിമൂൺ യാത്രയെ പൂർണമായും നശിപ്പിച്ചു.” ക്രിസ് പ്രതികരിച്ചു.
യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് ഈസിജെറ്റ് പറഞ്ഞു. നവദമ്പതികളോടും അവർ ക്ഷമാപണം നടത്തി. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.
Leave a Reply