ഷിബു മാത്യൂ, സീനിയർ അസ്സോസിയേറ്റ് എഡിറ്റർ,  മലയാളം യുകെ ന്യൂസ്

അറിവിൻ്റെ ആകാംഷയ്ക്ക് നല്ലതും ചീത്തയായതും കൊള്ളാവുന്നതും കൊള്ളാത്തവയും നെല്ലും പതിരും പോലെ തരം തിരിച്ച് സത്യത്തിൻ്റെ യഥാർത്ഥ മുഖം മുടക്കമില്ലാതെ അനുദിനം നിങ്ങളിലേയ്ക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു എന്ന് ഏറെ അഭിമാനത്തോടെ പറയേണ്ടിരിക്കുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാകുമ്പോൾ വാർത്തകളുടെ മൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ അറിവും അന്വേഷണ ബുദ്ധിയും സാഹസികതയും സമന്വയിപ്പിച്ചു കൊണ്ട് യൂറോപ്പിലെന്നല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് വായനയുടെ പുത്തൻ ഊർജ്ജം തങ്ങളുടെ പ്രവാസ ജീവിതത്തിൽ നൽകാൻ കഴിഞ്ഞു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സൃഷ്ടിയുടെ പൂർണ്ണത അവകാശപ്പെടാൻ നമുക്കാവില്ല. എങ്കിലും ഞങ്ങളിലൂടെ പിറന്ന ഓരോ വാക്കുകളും മറ്റൊരുവനെ അസ്വസ്തനാക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. കാലം കാത്തുവെച്ച ഈ കനിയിൽ പത്രധർമ്മത്തിൻ്റെ മർമ്മം യഥോചിതം സന്നിവേശിപ്പിച്ച് സമഗ്രമായ ഒരു ദർശനമായി രൂപാന്തരപ്പെടുത്തുകയെന്ന ശ്ലാഘനീയമായ കൃത്യം രാഷ്ട്രീയത്തിനും മതത്തിനും വ്യക്തി താല്പര്യങ്ങൾക്കും അതീതമായി ഞങ്ങൾ നിർവ്വഹിച്ചു. ഞങ്ങൾ വിളിച്ചു പറഞ്ഞ നഗ്നസത്യങ്ങൾ കേട്ട് പലരും അസ്വസ്ഥരായിട്ടുണ്ടാവും. പക്ഷേ വാക്കുകളെ വളച്ചൊടിക്കാതെ, ചെളി പുരളാത്ത സംസ്കാര പരിപോഷകമായി കേരളതനിമയോടെ വായനക്കാർക്ക് എരിവും ഉപ്പും പുളിയും മസാലകളൊന്നുമില്ലാതെയുള്ള സത്യത്തിൻ്റെ നേർ മുഖം തുറന്നുകാട്ടാനുള്ള ഞങ്ങളുടെ യജ്ഞത്തിൽ നിങ്ങളും പങ്കാളിയായിരുന്നു എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്.

അക്ഷരക്കൂട്ടങ്ങളുടെ വീഥിയിൽ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിക്കുന്ന പ്രവാസി മലയാളിക്ക് പ്രവാസ ലോകത്തെ പ്രാദേശിക വാർത്തകളറിയാനുള്ള ആകാംഷയുണ്ടാവും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് മലയാളം യുകെ ന്യൂസ് പിറവിയെടുത്തത്. കേവലമൊരു പത്രമെന്ന നിലയിലല്ല മലയാളം യുകെ ന്യൂസ് നിങ്ങളുടെ സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചത്. മറിച്ച് നിങ്ങൾക്ക് പറയുവാനുള്ളത് കേൾക്കാൻ മനസ്സുള്ള ഒരു പത്രമായിട്ടാണ്. ഒരു ഓൺലൈൻ പത്രത്തിലും ഒരിക്കലും നിങ്ങൾ സ്വപ്നം കാണാത്ത വാർത്താ രീതിയാണ് ഇവിടെ ഞങ്ങൾ പരീക്ഷിച്ചത്.

റൂ പോർട്ട് മർഡോക് പറഞ്ഞതുപോലെ പുതിയ കാലം പുതിയ പുതിയ ജേണലിസം ആവശ്യപ്പെടുന്നു. പൊലിമ കുറഞ്ഞ പത്രപ്രവർത്തനത്തിൽ നിന്നും ലോകത്തിനും അതോടൊപ്പം നാടിനും മലയാളിക്കും പുതുജന്മം നല്കാനുള്ള സംരംഭവും അതോടൊപ്പം വായനക്കാരൻ്റെ മൗലീകമായ അറിയാനുള്ള ആവേശവും വായനാ സ്വാതന്ത്ര്യത്തിനും അംഗീകാരം കൊടുത്തപ്പോൾ മറ്റുള്ള ഓൺലൈൻ പത്രങ്ങളിൽ നിന്നും മലയാളം യുകെ ന്യൂസ് വ്യത്യസ്ഥമായി.

ഓൺലൈൻ പത്രമെന്നാൽ മഞ്ഞപ്പത്രമെന്ന് മലയാളികൾ പാടി നടന്ന കാലത്താണ് മലയാളം യുകെ ന്യൂസ് പിറവിയെടുക്കുന്നത്. പ്രവർത്തി കൊണ്ടും അക്ഷരക്കൂട്ടങ്ങൾ ചാലിച്ചെഴുതിയ വാർത്ത കൊണ്ടും മഞ്ഞപ്പത്രങ്ങൾക്ക് മലയാളം യുകെ ന്യൂസ് ഭീഷണിയായി. പ്രത്ര പ്രവർത്തനത്തിൽ സ്വയം രാജാവെന്ന് വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തിയ പലരെയും എഴുത്ത് കൊണ്ട് ഞങ്ങൾ നിർവീര്യമാക്കി. ലോകത്തിലുള്ള ഒരു ഓൺലൈൻ പത്രത്തിനും അവകാശപ്പെടാൻ അർഹതയില്ലാത്തതിനപ്പുറം മലയാള സാഹിത്യത്തിൻ്റെ ആചാര്യൻമാർ മലയാളം യുകെ ന്യൂസിലെഴുതി. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് . ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ എന്നും മലയാളം യുകെ ന്യൂസ് ശ്രമിച്ചു. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ, കാലോചിതമായ ആഘോഷ വേളകൾ ഇവയിലെല്ലാം വളർന്നു വരുന്ന പുതു തലമുറക്കാരുടെ സാഹിത്യകൃതികൾ സജീവമായിരുന്നു. മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച നിരവധി പംക്തികൾ കാലം കഴിഞ്ഞപ്പോൾ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യത്തിന് മലയാളം യുകെ ന്യൂസിൻ്റെ സംഭാവനയായി ഇതിനെ കാലം രേഖപ്പെടുത്തും.

പ്രവാസി ലോകത്ത് തിളങ്ങുന്ന മലയാളി വ്യക്തിത്വങ്ങളെ മലയാളം യുകെ ന്യൂസ് എല്ലാക്കാലത്തും വലിയ ബഹുമാനത്തോടെ ആദരിക്കുന്നു. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇംഗ്ലണ്ടിലും സ്കോട് ലാൻ്റിലുമായി തുടർച്ചയായി നടത്തിയ രണ്ട് അവാർഡ് നൈറ്റുകൾ. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . 2022ൽ യോർക്ഷയറിൽ നടന്ന അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് സ്വീകരിക്കാൻ യുകെയിലെത്തിയത് കേരളത്തിലെ പ്രമുഖ കോളേജായ തിരുവല്ലയിലെ മാക്ഫെസ്റ്റ് കോളേജിലെ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ ഫ്രൊ. റ്റിജി തോമസായിരുന്നു. മലയാള മാധ്യമ രംഗത്ത് യൂറോപ്പിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമുകളായിരുന്നത്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് .

ഇനിയും പറയുവാൻ ധാരാളമുണ്ട്. ഒരു ശ്വാസത്തിൽ പറഞ്ഞു തീരില്ല. പ്രസിദ്ധീകരണത്തിൽ മലയാളം യുകെ ന്യൂസിനെ യൂറോപ്പിൽ മുൻനിരയിലെത്തിച്ചത് ഞങ്ങളുടെ പ്രിയ വായനക്കാരാണെന്ന് നന്ദിയോടെ സ്മരിക്കുക്കുന്നു. സത്യങ്ങൾ വിളിച്ചു പറയാൻ ഞങ്ങൾക്ക് ധൈര്യം തരുന്നത് നിങ്ങൾ നൽകുന്ന സപ്പോർട്ടാണ്. ഇനിയും വളരേണ്ടതുണ്ട്. ഒരുമിച്ച് മുന്നേറാം. മലയാളിയും മലയാളം യുകെ ന്യൂസും.

മലയാളം യുകെ ന്യൂസിന് പത്ത് വയസ്സ് തികഞ്ഞു. പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ നേരുന്നു.