ആലപ്പുഴ അമ്പലപ്പുഴയിൽ പീഡനത്തെതുടർന്നു മൂന്ന് പ്ലസ്‌വൺ വിദ്യാർഥിനികൾ ക്ലാസുമുറിയിൽ വിഷംകഴിച്ചു മരിച്ച കേസിലെ രണ്ടുപ്രതികളെയും കോടതി വെറുതെ വിട്ടു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പെണ്‍കുട്ടികളുടെ സഹപാഠികളായിരുന്ന യുവാക്കളെ കുറ്റവിമുക്തരാക്കിയത്. പീഡനം നടന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല

2008 നവംബര്‍ ഏഴിനായിരുന്നു സ്കൂളിലെ ക്ലാസുമുറിയില്‍ കൂട്ടമരണം നടന്നത്. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സഹപാഠികൾ ബ്ലാക്ക്മെയിൽ ചെയ്തതാണ് ആത്മഹത്യയ്ക്കു കാരണമെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പെൺകുട്ടികളുടെ സഹപാഠികളായ അമ്പലപ്പുഴ സ്വദേശികളായ ഷാനവാസ് (19), സൗഫർ (20) എന്നിവരെ പ്രതിചേര്‍ത്തായിരുന്നു കേസ് അന്വേഷണം. മരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഷാനവാസുമായി പ്രണയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് ആലപ്പുഴ ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ചു പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍ പ്രസ്തുത ദിവസം പെണ്‍കുട്ടികള്‍ ബീച്ചിലെത്തിയതിന് തെളിവ് നല്‍കാനായില്ല.

പ്രതികള്‍ ഇരുവരും അന്നേദിവസം വ്യത്യസ്ത ഇടങ്ങളിലായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകന്‍ തെളിയിക്കുകയും ചെയ്തു. 107 സാക്ഷികളില്‍ 87പേരെ കോടതി വിസ്തരിച്ചു. 91 രേഖകളും ഹാജരാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷിച്ച കേസില്‍ കൂട്ട ബലാല്‍സംഘം, ആത്മഹത്യാപ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. 2008 നവംബർ 17നാണു പതിനേഴു കാരികളായ മൂന്നുപെൺകുട്ടികളും അമ്പലപ്പുഴയിലെ സ്വന്തം സ്കൂളിലെ ക്ലാസുമുറിയില്‍ വിഷംകഴിച്ചു മരിച്ചത്.