സഭാതർക്കം പരിഹരിക്കാന്‍ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സർക്കാരിന്‍റെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കേണ്ടെന്നാണ് ഓർത്ത‍ഡോക്സ് സഭയുടെ നിലപാട്.

വിവിധ പളളികൾ സംബന്ധിച്ച് സഭാവിഭാഗങ്ങള്‍ തമ്മില്‍ നിലനിൽക്കുന്ന തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഇരുകൂട്ടരുമായും ചർച്ച നടത്തുന്നതിന് മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു. മന്ത്രി ഇ. പി ജയരാജനാണ് മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷന്‍. തർക്കത്തിലുളള പളളികളുടെ ഉടമസ്ഥാവകാശം ഓർത്ത‍ഡോക്സ് വിഭാഗത്തിനായിരിക്കുമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.

ഇതിനു ശേഷവും വിവിധയിടങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതടക്കമുളള വിഷയങ്ങളിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നടപടി. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ഇരുസഭകളുമായും കൂടിക്കാഴ്ച നടത്താമെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍, സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. തങ്ങള്‍ക്കനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കിയ ശേഷം സര്‍ക്കാരുമായി എന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു.

സഭാകേസിൽ ഇനി സർക്കാർ ഒത്തുതീർപ്പിന് ശ്രമിക്കരുതെന്നും വിധി ഉടൻ നടപ്പാക്കണമെന്നും സുപ്രീം കോടതി അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇനിയും വിധി നടപ്പാക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.