ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അമിതവണ്ണമുള്ള രണ്ടു കുട്ടികളെ മാതാപിതാക്കളുടെ അടുക്കൽ നിന്നും മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ച് കോടതി. ഫോസ്റ്റർ കുടുംബങ്ങളിലേക്ക് ഇവരെ മാറ്റിപ്പാർപ്പിക്കാൻ ആണ് തീരുമാനം. മാതാപിതാക്കളോടൊപ്പം നിന്നാൽ ഇനിയും കുട്ടികൾക്ക് വണ്ണം കൂടാൻ സാധ്യതയുണ്ടെന്നും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. പതിനേഴും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളുടെ കാര്യത്തിനാണ് കോടതി ഈ തീരുമാനം പുറപ്പെടുവിച്ചത്. കുറെ നാളുകളായി വണ്ണം കുറയ്ക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല. കുട്ടികളുടെ അമ്മ ശരിയായ ഭക്ഷണക്രമങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതിൽ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. കുട്ടികൾക്ക് മനപ്പൂർവമായി ഐസ്ക്രീമുകളും മറ്റും അധികം നൽകിയതാണ് ഇത്തരത്തിൽ വണ്ണം വയ്ക്കുന്നതിന് ഇടയായത് എന്ന് കോടതി നിരീക്ഷിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ വ്യായാമത്തിനും മറ്റും വേണ്ടുന്ന പ്രോത്സാഹനം മാതാപിതാക്കൾ നൽകിയില്ല.
കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ കൃത്യസമയത്ത് ലഭിച്ചില്ല എന്ന് സാമൂഹ്യപ്രവർത്തകരും കോടതിയെ അറിയിച്ചു. ഈ കാര്യത്തിൽ മാതാവും വേണ്ടതായ ശ്രദ്ധ കാണിച്ചില്ല എന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ കുട്ടികളെ ഫോസ്റ്റർ കുടുംബങ്ങളിലേക്ക് അയക്കുന്നതാണ് ഉത്തമമെന്ന് കോടതി തീരുമാനിച്ചു.
അമ്മയോടൊപ്പമാണ് കുട്ടികൾ ഇരുവരും താമസിച്ചിരുന്നത്. പിതാവ് ഇടയ്ക്കിടെ വന്ന് പോവുകയാണ് പതിവ്. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യമായതിനാൽ ആണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജഡ്ജി അറിയിച്ചു. തീരുമാനത്തെ അതിന്റെതായ രീതിയിൽ ഉൾക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
Leave a Reply