ലണ്ടന്‍: ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവെന്ന് ഐഎംഎഫ് വിലയിരുത്തല്‍. യുകെയെക്കുറിച്ചുള്ള പ്രവചനത്തില്‍ നിരക്കുകള്‍ കുറവായാണ് ഐഎംഎഫ് കാണിച്ചിരിക്കുന്നത്. ഈ വര്‍ഷം യുകെയുടെ സാമ്പത്തിക വളര്‍ച്ച 1.7 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ശതമാനമായിരുന്നു പ്രവചനം. 2018ല്‍ ഇത് 1.5 ശതമാനം മാത്രമായിരിക്കുമെന്നും പ്രവചനം പറയുന്നു. വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഐഎംഎഫിന്റെ പ്രവചനം.

കഴിഞ്ഞ ജൂണിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം യുകെ സാമ്പത്തിക വ്യവസ്ഥ പിന്നോട്ടാണ് നീങ്ങിയത്. പൗണ്ടിന്റെ മൂല്യം ഇടിയുകയും നാണയപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്തു. 2017ന്റെ ആദ്യപാദത്തില്‍ 0.2 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയ സാമ്പത്തിക വളര്‍ച്ച. 2016ന്റെ അവസാന പാദത്തില്‍ രേഖപ്പെടുത്തിയ 0.7 ശതമാനം വളര്‍ച്ചയില്‍ നിന്ന് കാര്യമായി പിന്നോട്ടു പോകുകയും ചെയ്തു. ലോകത്തില്‍ ഏറ്റവും സാവധാനം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള വികസിത രാജ്യം എന്ന പദവിയാണ് ഇതോടെ യുകെ സ്വന്തമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഇതിന്റെ രൂക്ഷത ഒന്നുകൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രൊഫണല്‍ സര്‍വീസ് സ്ഥാപനമായ പിഡ്ബ്ലുസി രാജ്യത്തിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.5 ശതമാനമായിരിക്കുമെന്ന് വിലയിരുത്തിയിരുന്നു. 2018ല്‍ അത് 1.4 ശതമാനമായിരിക്കുമെന്നുമാണ് പ്രവചനം. 1.7 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു മുന്‍ പ്രവചനങ്ങള്‍ പറഞ്ഞിരുന്നത്.