നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന നടൻ ദിലീപിന്റെ ഹരജി കോടതി തള്ളി. വിശദമായ വാദം കേട്ടതിനു ശേഷമാണ് പ്രത്യേക കോടതിയുടെ ഈ തീരുമാനം. പത്താംപ്രതി വിഷ്ണുവിന്റെ വിടുതൽ ഹരജിയും കോടതി തള്ളിയിരിക്കുകയാണ്.

പ്രഥമദൃഷ്യട്യാ ഇവർക്കെതിരെ തെളിവുണ്ടെന്നും ഇക്കാരണത്താൽ തന്നെ പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യുക സാധ്യമല്ലെന്നും പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് ഉത്തരവിട്ടു. തനിക്കെതിരെ കേസിൽ വ്യക്തമായ തെളിവില്ലെന്നും ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള സാഹചര്യത്തെളിവുകളൊന്നും ഇല്ലെന്നും ദിലീപ് വാദിച്ചു. ഒന്നാംപ്രചതി സുനിൽകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസുള്ളതെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.

തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വസ്തുതകൂടി പരിഗണിച്ച് കുറ്റപത്രത്തിൽ നിന്നും പേര് നീക്കം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ വാദം.

ദിലീപടക്കം മുഴുവൻ പ്രതികളും കോടതിയിൽ തിങ്കളാഴ്ച ഹാജരാകണമെന്നും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് പ്രതികൾക്കു മേല്‍ കുറ്റം ചുമത്തുക. കുറ്റം ചുമത്തുന്നത് വൈകിക്കണമെന്ന ദിലീപിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടി വൈകിക്കണമെന്നായിരുന്നു ആവശ്യം. കുറ്റപത്രം മുഴുവൻ പ്രതികളെയും തിങ്കളാഴ്ച വായിച്ചു കേൾപ്പിക്കും.

അതെസമയം ദിലീപ് വിടുതൽ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർ‌ട്ടുണ്ട്. അടുത്തയാഴ്ചയാണ് ഹരജി നൽകുക.