ന്യൂസ് ഡെസ്ക് മലയാളം യുകെ
വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ കൊലപാതക അന്വേഷണത്തിൽ സാറയുടെ പിതാവിൻറെ ബന്ധുക്കളെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ കഴിയില്ല. ലാഹോർ ഹൈക്കോടതി റാവൽപിണ്ടി ബെഞ്ചിന്റേതാണ് തീരുമാനം. സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിലുള്ള ഉർഫാൻ ഷെരീഫിൻെറ സഹോദരൻ ഇമ്രാൻ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്‌തത്. ഇതിനു പിന്നാലെനടന്ന ചോദ്യം ചെയ്യലിൽ സാറ കോണിപ്പടിയിൽ നിന്ന് വീണ് കഴുത്ത് ഒടിഞ്ഞു എന്ന് ഇമ്രാൻ പറഞ്ഞിരുന്നു.
ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനിൽ താമസിക്കുന്ന ഉർഫാൻ ഷെരീഫിൻെറ രണ്ടു സഹോദരങ്ങളെ പോലീസ് അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ഷെരീഫിന്റെ കുടുംബം ആരോപിച്ചു. ലാഹോർ ഹൈക്കോടതിയിലെ റാവൽപിണ്ടി ബെഞ്ചിൽ, ഝലം പോലീസ് ഉദ്യോഗസ്ഥർ രണ്ട് പേരെയും ദിവസങ്ങളോളം തടങ്കലിൽ വച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിച്ചില്ലെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
ഷരീഫിന്റെ ലൊക്കേഷനെ കുറിച്ച് കുടുംബത്തോട് ചോദ്യം ചെയ്യാൻ ഇന്റർപോൾ നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ രണ്ട് സഹോദരങ്ങളെയും വിട്ടയച്ചു. ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുക്കുന്നതിൽ നിന്ന് കോടതി പോലീസിനെ വിലക്കിയെങ്കിലും ചോദ്യം ചെയ്യുന്നത് തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാനും യുകെയും തമ്മിൽ ഔപചാരികമായ കൈമാറൽ ഉടമ്പടി ഇല്ലെങ്കിലും, ഷെരീഫ്, അദ്ദേഹത്തിന്റെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവരെ കണ്ടെത്താൻ സറേ പോലീസ് ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ അധികാരികളുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണ്.
Leave a Reply