ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലകപ്പെട്ട നാലായിരത്തോളം ബ്രിട്ടീഷ് പൗരന്മാരെകൂടി തിരിച്ച് കൊണ്ടുപോകുമെന്ന് ബ്രിട്ടന്‍. ഇതിനായി 17 പ്രത്യേക വിമാനങ്ങള്‍ കൂടി സജ്ജീകരിക്കും. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 27 വരെ ഇവ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നും യാത്രതിരിക്കും.

ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, പ്രായം കൂടിയവര്‍ എന്നിവര്‍ക്കായിരിക്കും യാത്രയില്‍ മുന്‍ഗണന. സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് മറ്റുള്ളവര്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബ്രിട്ടന്‍ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേയാണ് ഇന്ന് പ്രഖ്യാപിച്ച 17 എണ്ണം. നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ ഏപ്രില്‍ 8 മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 20 വരെ ഇവയുടെ സര്‍വീസ്. 5000 ബ്രിട്ടീഷ് പൗരന്മാരെ ഈ വിമാനങ്ങളില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.