ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൻെറ ആശങ്കയിലാണ് രാജ്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആർ നമ്പർ 1.44 ആണ്. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് യുകെയിലെ രോഗവ്യാപനം ഗുരുതരമായി ഉയരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മെയ് 3 -നും ജൂൺ 7 -നും ഇടയിൽ വൈറസ് ബാധ 50 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെന്റ് വേരിയന്റിനെ അപേക്ഷിച്ച് ഡെൽറ്റാ വേരിയന്റാണ് രാജ്യത്തെ 90 ശതമാനം കോവിഡ് കേസുകളുടെയും കാരണം .
രാജ്യത്ത് ഓരോ 11 ദിവസം കൂടുമ്പോഴും കോവിഡ് കേസുകൾ ഇരട്ടിയാകുന്നതായാണ് ലണ്ടനിലെ ഇംപീരിയൽ കോളേജ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 670 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. നിലവിൽ വൈറസ് വ്യാപനം ഇത്രമാത്രം വർധിക്കാനുള്ള പ്രധാന കാരണം ചെറുപ്പക്കാർക്കിടയിലെ രോഗവ്യാപനം ആണെന്ന് ഇംപീരിയൽ കോളേജ് പ്രൊഫസർ സ്റ്റീഫൻ റൈലി പറഞ്ഞു . 5 മുതൽ 12 വയസ്സുവരെയുള്ളവരിലും 18 -നും 24 -നും ഇടയിൽ പ്രായമുള്ളവരിലുമാണ് ഏറ്റവും കൂടുതൽ രോഗബാധയെന്നാണ് ഇംപീരിയൽ കോളേജിൻറെ നേതൃത്വത്തിൽ നടന്ന പഠനത്തിലെ പ്രധാന കണ്ടെത്തൽ.
Leave a Reply