ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം തടയാൻ കൂടുതൽ പേരിലേയ്ക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ ഒരുങ്ങുകയാണ് യുകെയിലെ ആരോഗ്യ മേഖല. ഇതിൻറെ ഭാഗമായി 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നാലാമത്തെ ബൂസ്റ്റർ വാക്സിൻ ലഭിക്കും. ഏറ്റവും പുതിയ ജനിതക വകഭേദങ്ങളെ ഫലപ്രദമായി നേരിടാൻ നാലാമത്തെ വാക്സിൽ സഹായിക്കും എന്നാണ് കരുതുന്നത്.

നേരത്തെ തന്നെ ദുർബല വിഭാഗത്തിൽ പെട്ടവർക്ക് നാലാമത്തെ കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. നിലവിൽ രാജ്യത്ത് ആറ് ദശലക്ഷത്തിലധികം ജനങ്ങൾ നാലാമത്തെ ഡോസ് കിട്ടാൻ അർഹരാണ് . മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മന്ത്രിസ്ഥാനം ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് മന്ത്രിസഭയ്ക്ക് മുൻപിൽ വിശദീകരണം നടത്തിയിരുന്നു.

യുകെയിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണെങ്കിലും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പുതിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താൻ പദ്ധതികളില്ലന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലീവിങ് വിത്ത് കോവിഡ് നയം തന്നെയായിരിക്കും ഗവൺമെൻറ് പിൻതുടരുക. എന്നാൽ ഏറ്റവും കൂടുതൽ ആളുകളിലേയ്ക്ക് വാക്സിന്റെ നാലാമത്തെ ഡോസ് എത്തിക്കുന്നതിലായിരിക്കും സർക്കാർ മുൻഗണന നൽകുക.