സ്വന്തം ലേഖകൻ

ലണ്ടൻ : കൊലയാളി വൈറസ് ബ്രിട്ടന് കനത്ത ഭീഷണിയായി മാറുന്നു. ലോക്ക്ഡൗൺ അടക്കമുള്ള നടപടികൾ രാജ്യം സ്വീകരിച്ചിട്ടും ഇന്നലെ മാത്രം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1452 ആണ്. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 9529 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 43 മരണങ്ങൾ ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 465ലേക്കും ഉയർന്നു. കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർധനവ് അധികാരികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതേസമയം കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ആളുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 504,303 പേർക്കും ഈ അവസ്ഥയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം സേവനത്തിലേക്ക് മടങ്ങിവന്ന എല്ലാ മുൻ എൻ എച്ച് എസ് ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.11,000 ത്തോളം മുൻ ഡോക്ടർമാർ ആരോഗ്യ സേവനത്തിലേക്ക് മടങ്ങിയെത്തും. കൂടാതെ അവരെ സഹായിക്കാൻ 24,000 അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും ഒരുങ്ങിയിട്ടുണ്ട്.

ചാൾസ് രാജകുമാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ സിംഹാസനം വരെയും കൊറോണ ഭീഷണിയിൽ ആയിക്കഴിഞ്ഞു. നെഗറ്റീവ് പരീക്ഷിച്ച ഭാര്യ കാമില്ലയ്ക്കൊപ്പം സ്കോട്ട്‌ലൻഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം. രോഗഭീതിയെത്തുടർന്ന് രാജകൊട്ടാരത്തിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് പോലും രാജ്ഞിയെ കാണുന്നതിന് നിയന്ത്രണങ്ങളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി ഏപ്രിൽ 21 വരെ പാർലമെന്റ് അടച്ചുപൂട്ടി. പകർച്ചവ്യാധിയെ നേരിടാനുള്ള അടിയന്തര നിയമങ്ങൾ ഇരുസഭകളിലൂടെയും നടപ്പാക്കിയ ശേഷമാണ് ഒരുമാസത്തോളം പാർലമെന്റ് അടച്ചിടാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ലോക്ക്ഡൗൺ ദിനങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ബ്രിട്ടനുപിന്നാലെ ഇന്ത്യയിലും ലോക്ക്ഡൗൺ നടപ്പിലാക്കി. മൂന്നാഴ്ചത്തേക്കാണ് രാജ്യം അടച്ചുപൂട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 12 മരണങ്ങളും 657 കേസുകളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ മരണസംഖ്യ ഇരുപതിനായിരം കടന്നു. 21,200 പേരാണ് ഇതിനകം മരണപെട്ടിരിക്കുന്നത്. 468, 905 പേർക്ക് രോഗം പിടിപെട്ടുകഴിഞ്ഞു. ഭയാനകമായ അന്തരീക്ഷത്തിലൂടെയാണ് ഇറ്റലി കടന്നുപോകുന്നത്. 7,500 മരണങ്ങൾ ഇതുവരെ സംഭവിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം 5000ത്തോളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിക്ക് പുറമെ സ്പെയിൻ, ജർമ്മനി, ഇറാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കനത്ത ഭീഷണിയിലാണ്.