തോമസ് പുത്തിരി

ഇംഗ്ലീഷ് എന്ന പരീക്ഷയിൽ കുടുങ്ങി നഴ്സിംഗ് ജോലി ചെയ്യാൻ കഴിയാതെ ബ്രിട്ടനിൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വാതില്‍ തുറന്ന് ബ്രിട്ടന്‍. ബ്രിട്ടനിലുള്ള മലയാളി നേഴ്സ്മാര്‍ക്ക്  ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ അടുത്ത ജനുവരി മുതല്‍  നേഴ്സ് ആയി റെജിസ്റ്റര്‍  ചെയ്യാന്‍ അവസരം.

യു കെ യിലെ  നഴ്സിംഗ് ആന്‍ഡ്‌ മിഡ് വൈഫറി കൗണ്‍സില്‍ (NMC)  സെപ്റ്റംബര്‍ 28 നു ചേര്‍ന്ന യോഗത്തിലാണ്  അടിസ്ഥാനപരായ ഈ നയംമാറ്റ തീരുമാനം എടുത്തത്. ഇതിലൂടെ ഇന്ത്യയിലും   (മറ്റു വിദേശ രാജ്യങ്ങളിലും) നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ വന്നിട്ടും  നഴ്സിംഗ്   റെജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ   കെയറര്‍ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്സിംഗ്  പ്രഫഷനലുകള്‍ക്ക് നേഴ്സ് ആയി ജോലി ചെയ്യാനുള്ള അവസരമായി.

ഇതുവരെ ഉള്ള നിയമപ്രകാരം   അന്താരാഷ്ട്ര  നിലവാരമുള്ള  ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ ബ്രിട്ടനില്‍ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ.  ഉന്നത നിലവാരത്തിലുള്ള ഇത്തരം ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസാകാന്‍ കഴിയാത്തത് കൊണ്ട് മാത്രം ആയിരക്കണക്കിന് മലയാളികളടക്കമുള്ള  വിദേശ നേഴ്സ്മാര്‍ ബ്രിട്ടനില്‍ വന്നു  നഴ്സിംഗ് കെയറര്‍ ആയി ജോലി ചെയ്തുവരുന്നുണ്ട്.

നഴ്സിംഗ് പഠനം ഇംഗ്ലീഷിലാണ് എന്നും, കൂടാതെ  തങ്ങള്‍ ഇപ്പോള്‍ ജോലി  ചെയ്യുന്ന ബ്രിട്ടനിലെ  സ്ഥാപനത്തില്‍ നിന്നും നഴ്സിംഗ് പ്രഫഷന്   ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ട് എന്നുള്ള സര്‍ട്ടിഫിക്കറ്റും, അതോടൊപ്പം ബ്രിട്ടനിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടിയായാല്‍ ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നേഴ്സ് ആയി  റെജിസ്ട്രേഷന്‍ ചെയ്യാം എന്നാണ് NMC പുതുതായി കൊണ്ടുവന്ന തീരുമാനം.

ഈ തീരുമാനത്തിലൂടെ   ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ  നേഴ്സ്മാര്‍ക്ക്   ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍  കഴിയും. അടുത്ത വര്‍ഷം  ജനുവരി മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും.  കേരളത്തില്‍ നിന്ന് മാത്രം   ഏകദേശം 25000 ല്‍ അധികം നേഴ്സ് മാര്‍   കെയറര്‍  ആയി ബ്രിട്ടനില്‍  ചെയ്തുവരുന്നുണ്ട് എന്നാണു ഔദ്യോദികമല്ലാത്ത ഏകദേശ കണക്ക് .  അവര്‍ക്കെല്ലാം   തങ്ങള്‍ പഠിച്ച മഹത്തായ നഴ്സിംഗ് സേവനം  ചെയ്യാനുള്ള  അവസരം അടുത്ത ജനുവരി   മുതല്‍ ഉണ്ടാകും.

നഴ്സിംഗ് രംഗത്തു വിദേശ  നേഴ്സ്മാര്‍  നേരിടുന്ന വിവേചനത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു വര്‍ഷങ്ങളായി നിരവധി ക്യാമ്പയിനുകള്‍ ബ്രിട്ടനിലെ മലയാളി സമൂഹം നടത്തിവരുന്നുണ്ട്. ബ്രിട്ടനിലെ എം പി മാരുടെയും മുനിസിപല്‍   കൗണ്‍സിലുകളുടെയും ട്രേഡ് യൂണിയനുകളുടെയും  സഹകരണത്തോടെ നിരവധി വര്‍ഷങ്ങളായി   നടത്തിവന്ന   ക്യാമ്പയിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

2015 ല്‍ മലയാളി പ്രതിനിധികള്‍ ബ്രിട്ടീഷ്   പാര്‍ലമെന്റ്  ലോബി ഹാളില്‍  50 ഓളം എം പി മാരെ നേരില്‍ കണ്ടു വിഷയം അവതരിപ്പിച്ചു.  സൌതാല്‍ എം പി വിരേന്ദ്ര ശര്മയോടൊപ്പം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ    ഔദ്യോഗിക  വസതിയില്‍ ചെന്ന് നിവേദനം സമര്‍പ്പിച്ചു.  ഇതേ ആവശ്യം ഉന്നയിച്ചു കൗണ്‍സിലര്‍ ബൈജു തിട്ടാല 2019 മെയ്‌ മാസത്തില്‍    അവതരിപ്പിച്ച  പ്രമേയം കേംബ്രിഡ്ജ് സിറ്റി  കൗണ്‍സില്‍   ഏകകണ്‌ഠമായി  പാസ്സാക്കി. തുടര്‍ന്ന് 30 ജനുവരി 2020 ല്‍  കേംബ്രിഡ്ജ് സിറ്റി കൌണ്‍സില്‍ ലീഡര്‍ ല്യൂവിസ്   ഹെര്‍ബെര്‍ട്ട് ന്റെ നേതൃത്വത്തില്‍  മലയാളി പ്രതിനിധികള്‍ NMC ചീഫ് എക്സക്യൂട്ടീവ് ആണ്ട്രിയ സട്ക്ക്ളിഫ്,  ഡയറക്ടര്‍ ഓഫ്  റെജിസ്ട്രേഷന്‍ എമ ബ്രോഡ്ബെന്റ്  എന്നിവരെ കണ്ടു  വിദേശ നേഴ്സ് മാര്‍ നേരിടുന്ന പ്രശനങ്ങളെ  കുറിച്ചുള്ള  വിശദമായ  സര്‍വ്വേ പഠനം സമര്‍പ്പിച്ചു.

വിദേശ   നേഴ്സ്മാരുടെ ആവശ്യം പരിഗണിച്ചു നടത്തിയ കണ്‍സല്‍ട്ടെഷ നില്‍ NMC ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും,   34000 പേര്‍ ഇതുമായി ബന്ധപ്പെട്ട  അഭിപ്രായന്വേഷണത്തോട് സഹകരിക്കുകയും ചെയ്തുവെന്ന് NMC ചീഫ് ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി ആന്‍ഡ്‌ ഇന്‍സൈറ്റ് പറഞ്ഞു.