സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത് 847 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 14,576ലേക്ക് ഉയർന്നു. അമ്പതിലേറെ എൻ എച്ച് എസ് ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപെട്ടിട്ടുണ്ട്. കെയർ ഹോമിൽ മരിച്ച നൂറുകണക്കിന് ആളുകളെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ പുതുതായി രോഗം സ്ഥിരീകരികരിച്ചത് 5599 പേർക്കാണ്. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ ഉയർന്ന നിരക്കാണിത്. രാജ്യത്തെ രോഗികളുടെ എണ്ണം ആകെ 108,692 ആയി മാറി. അമേരിക്കയുടെയും ഇറ്റലിയുടെയും പാതയിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ആശങ്കയും ഏവരുടെയും മനസ്സിൽ ഉയർന്നുകഴിഞ്ഞു. അതേസമയം കൊറോണ വൈറസ് പരിശോധന കൂടുതൽ പബ്ലിക് സർവീസ് സ്റ്റാഫുകളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. പോലീസ്, ഫയർഫോഴ്സ് , ജയിൽ സ്റ്റാഫ് തുടങ്ങിയ പൊതുസേവനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൊറോണ വൈറസ് പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. പരിശോധന ശേഷി ഉയരുകയാണെങ്കിലും പ്രതീക്ഷിച്ചത്ര എൻഎച്ച്എസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ വാക്സിൻ എപ്പോൾ നിർമ്മിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ച് ഒരുറപ്പും നൽകാനാവില്ലെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങളുള്ള ആർക്കും താരതമ്യേന വേഗത്തിൽ പരിശോധന നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാൻകോക്ക് പറഞ്ഞു.
അതിനിടെ ശമ്പള സബ്സിഡി പദ്ധതി ജൂണിലേക്ക് നീട്ടിയതായി ചാൻസലർ റിഷി സുനക് അറിയിച്ചു. കമ്പനിതൊഴിലാളികൾക്ക് സർക്കാർ വേതന സബ്സിഡിക്ക് ജൂൺ മാസത്തിൽ അപേക്ഷിക്കാം. ഒൻപത് ദശലക്ഷത്തിലധികം തൊഴിലാളികളെ സർക്കാരിന്റെ ജോലി നിലനിർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തും. അല്ലെങ്കിൽ സർക്കാർ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നീട്ടിയില്ലെങ്കിൽ ബിസിനസ്സ് ഗ്രൂപ്പുകൾക്കും സ്വിസ്പോർട്ട് പോലുള്ള സ്ഥാപനങ്ങൾക്കും കൂടുതൽ ജോലികൾ നഷ്ടപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ആവശ്യമെങ്കിൽ ശമ്പള പദ്ധതി വീണ്ടും നീട്ടുമെന്നും ചാൻസലർ പറഞ്ഞു. കൊറോണ വൈറസ് ജോലി നിലനിർത്തൽ പദ്ധതി പ്രകാരം, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ തൊഴിലാളികളുടെ വേതനത്തിന്റെ 80%, അവർ അവധിയിൽ പ്രവേശിച്ചാൽ സർക്കാർ പരിരക്ഷിക്കും. തൊഴിലുടമകൾ തൊഴിലാളികൾക്ക് ശമ്പളം നൽകുകയും ഏപ്രിൽ അവസാനം എച്ച്എം റവന്യൂ, കസ്റ്റംസ് (എച്ച്എംആർസി) എന്നിവയിൽ നിന്ന് പണം തിരിച്ചുപിടിക്കുകയും ചെയ്യാം. അവർക്ക് തിങ്കളാഴ്ച മുതൽ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. ജോലികൾ പരിരക്ഷിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഈയൊരു തീരുമാനത്തിൽ എത്തി നിൽക്കുന്നത്.
മഹാമാരിയായി മാറിയ കോവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ലോകത്താകമാനമായി ഇരുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. അഞ്ചര ലക്ഷത്തിൽ അധികം പേരുടെ രോഗം ഭേദമായി. അമേരിക്കയിലെ മൊത്തം മരണസംഖ്യ 37000 പിന്നിട്ടിട്ടുണ്ട്. എണ്ണായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇറ്റലിയിലാകട്ടെ 575 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 22745 ജീവനുകളാണ് കോവിഡ് അപഹരിച്ചത്. ചൈനയില്‍ 1290 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയുള്ള കണക്കില്‍ വ്യത്യാസമുണ്ടായിരുന്നെന്നാണ് വിശദീകരണം. രാജ്യത്തെ മൊത്തം മരണസംഖ്യ 4632 ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 351 പേര്‍ക്ക് കൂടി ഇവിടെ പുതുതായി രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Leave a Reply