കോറോണ പകര്‍ച്ചവ്യാധി ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ വിദ്യാര്‍ത്ഥികളടക്കം 400 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികള്‍ അടക്കമുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍.

വിമാനങ്ങളെല്ലാം ദിവസവും റദ്ദാക്കികൊണ്ടിരിക്കുകയാണ്. മാളുകളും, ക്യാന്റീനും അടച്ചു. ഞങ്ങള്‍ക്കിവിടെ ഭക്ഷണമില്ല. മാര്‍ച്ച് 20 ന് ശേഷം ഫിലിപ്പീന്‍സിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതിനു മുന്‍പ് നാട്ടിലേക്കെത്താന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കണം. വിദ്യാര്‍ത്ഥികള്‍ പറയുന്നു

ഈ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനാപതി തനിക്ക് ഉറപ്പ് നല്‍കിയതായും പികെ കുഞ്ഞാലിക്കുട്ടി എംപി.

കേരളത്തില്‍ നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗതം പൂര്‍ണ്ണമായി റദ്ദാക്കിയത്. സ്വദേശികളല്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് എഴുപത്തിരണ്ട് മണിക്കൂര്‍ സമയം അനുവദിച്ചിരിക്കയാണ്. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി ജൈദീപ് മജുംദാറുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതൊക്കെ ചെയ്യാമെന്ന് സ്ഥാനപതി അദ്ദേഹത്തിന് ഉറപ്പ് നല്‍കിയത്.