ഇടുക്കിയിയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. അതേ സമയം ജില്ലയിലെ നിലവിലുള്ള ഇളവുകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍. അസുഖം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് മകനില്‍ നിന്നാണ് രോഗം പടര്‍ന്നത്.

പുതിയ രോഗികളെല്ലാവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവരെ ഇന്നലെ രാത്രി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. എലപ്പാറയില്‍ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂരില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് ആണ് മകന്‍ വീട്ടിലെത്തിയത്. പിന്നീട് ക്വാറന്റൈനിലായിരുന്നു.

മകനില്‍ നിന്നാണ് അമ്മയ്ക്ക് രോഗം പകര്‍ന്നത്. 65 കാരനായ അച്ഛനും യുവാവിന്റെ ഭാര്യയും 9 മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ പോയിട്ട് മാര്‍ച്ച് 18ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈനിലാക്കി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ച 10 പേരും ഈ മാസം പാതിയോടെ ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി കോട്ടയത്തിന്റെ കണക്കിലാണ് വരിക.

ഏലപ്പാറയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെയും അവസ്ഥ. 29-ാമത്തെ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 27-ാമത്തെ ദിവസമാണ് സ്രവമെടുത്തത്. ഇത്തരത്തില്‍ ഏറെ വൈകി ലക്ഷണങ്ങള്‍ കാണിക്കുന്നത് ആരോഗ്യവകുപ്പിനേയും ഭയപ്പാടിലാക്കുകയാണ്. സാധാരണയായി 5-14 ദിവസം വരെയാണ് അസുഖം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന സമയമെങ്കിലും ഇത്രയധികം വൈകുന്നത് ജില്ലാ ഭരണകൂടത്തേയും ആശങ്കയിലാക്കുകയാണ്.