ഒക്ടോബറോടെ എത്തുമെന്നു വിദഗ്ധർ പറയുന്ന കോവിഡ് മൂന്നാം തരംഗം അതിജീവിക്കാൻ സംസ്ഥാനത്ത് ഓക്സിജൻ പ്ലാന്റും എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡുകളും സ്ഥാപിക്കും. കോവിഡ് മൂന്നാം തരംഗ പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടിയാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി തുകയും വകയിരുത്തി.
* സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്- ജില്ലാ- ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. പ്രതീക്ഷിക്കുന്ന ചെലവ് ഒരു കേന്ദ്രത്തിന് മൂന്നുകോടി രൂപ. മൊത്തം 636.5 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ എംഎൽഎ മാരുടെ ആസ്തിവികസന ഫണ്ടിൽനിന്നു പണം കണ്ടെത്തും.
* 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്നാണു മറ്റൊരു പ്രധാന പ്രഖ്യാപനം. 1000 മെട്രിക ടണ്‍ സംഭരണ ശേഷിയുള്ള ടാങ്കും അടിയന്തര ആവശ്യങ്ങൾക്ക് ഓക്സിജൻ എത്തിക്കാനുള്ള ടാങ്കറും അടക്കമുള്ള സംവിധാനങ്ങളുണ്ടാകും. സെപ്റ്റംബർ 15 നോടെ ഇതിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കും. വിശ്വാസ്യതയുള്ള സ്വകാര്യ കന്പനികളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾക്കു പദ്ധതി തയാറാക്കും. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 25 ലക്ഷം രൂപ വകയിരുത്തി.
* ആശുപത്രികളിൽ പുനരുപയോഗിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ അടക്കം അണുവിമുക്തമാക്കുന്ന ഓട്ടോക്ലേവ് റൂമുകൾ സെൻട്രൽ സ്റ്റെറൈൽ സപ്ലേ ഡിപ്പാർട്ട്മെന്റായി മാറ്റും. ആദ്യഘട്ടമായി 25 താലൂക്ക്-ജില്ലാ- ജനറൽ ആശുപത്രികളിലാണ് ഓട്ടോക്ലേവ് റൂമുകൾ പരിവർത്തനപ്പെടുത്തുന്നതിന് 18.75 കോടി നീക്കിവച്ചിട്ടുണ്ട്.
* പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ കോളജുകളിൽ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കലാണ് ആറിന പരിപാടിയിൽ മൂന്നാമത്തേത്. കോവിഡ്, എബോള, നിപ്പ തുടങ്ങി വായുവിലൂടെ പകരുന്നതും അതീവ അപകടകാരികളുമായ രോഗങ്ങൾ കൈകാര്യം ചെയ്യാൻ ഇത്തരം കേന്ദ്രങ്ങൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിന് 50 കോടി അനുവദിക്കും.
* സ്ഥല ലഭ്യതയുള്ള ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ശിശുരോഗ ഐസിയു വാർഡുകൾ നിർമിക്കാനും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി 25 കോടി നീക്കിവച്ചു.
* അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന്റെ മാതൃകയിൽ വൈദ്യശാസ്ത്ര ഗവേഷണത്തിനും സാംക്രമിക രോഗ നിവാരണത്തെിനുമുള്ള സ്ഥാപനം സ്ഥാപിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. മികവിന്റെ കേന്ദ്രമായി സജ്ജമാകാനാകുന്ന കേന്ദ്രത്തിന്റെ സാധ്യതാപഠനത്തിനും വിശദമായ പദ്ധതി റിപ്പോർട്ടിനുമായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
Leave a Reply