കൊവിഡ് 19 വൈറസ് ബാധമൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞിന് ശ്വാസ തടസം അനുഭവപ്പെട്ടതിനാല്‍ കൊവിഡ് സ്പെഷ്യല്‍ വാര്‍ഡിലേക്ക് മാറ്റുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു
ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ ഹൃദയവാല്‍വിന് ഉള്‍പ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില എന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കുഞ്ഞിന് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നത് പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കൊ കൊറോണ വൈറസ് ബാധയില്ല.
Leave a Reply