സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 പിടിപെട്ട് മരിക്കാനുള്ള സാധ്യത ന്യുനപക്ഷ വംശജർക്ക് (എത്നിക്ക് മൈനോരിറ്റീസ് ) കൂടുതലാണെന്ന് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട്. പ്രായമായവർക്കും പുരുഷന്മാർക്കും അപകടസാധ്യത ഉയർന്നുനിൽക്കുന്നു. വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിനായി നടപടിയെടുക്കാനുള്ള അവസരം നഷ്‌ടപ്പെട്ടതായി ഡോക്ടർമാർക്കുള്ള ട്രേഡ് യൂണിയൻ പറഞ്ഞു. റിപ്പോർട്ട് സമയബന്ധിതമാണ് എന്ന് ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെട്ടു. കാരണം ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇപ്പോൾ വംശീയ അനീതിയെക്കുറിച്ച് അതൃപ്തിയുണ്ട്. ജോർജ് ഫ്ലോയിഡിന്റെ മരണവുമായി ചേർത്ത് നിർത്തി വംശീയപരമായ അനീതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അസംതൃപ്തിയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.” നമ്മുടെ രാജ്യത്തെ ദരിദ്ര പ്രദേശങ്ങളിൽ ആരോഗ്യപരമായ മോശം സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് പരിഗണന നൽകാനുള്ള എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ അസമത്വങ്ങൾക്ക് കാരണമെന്താണെന്ന് മനസിലാക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ദിവസേനയുള്ള പത്രസമ്മേളനത്തിൽ മാറ്റ് ഹാൻകോക്ക് പറഞ്ഞു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനൊപ്പം (പിഎച്ച്ഇ) ഈ വിഷയത്തിൽ തുടർന്നും പ്രവർത്തിക്കാൻ ഇക്വാലിറ്റിസ് മിനിസ്റ്റർ കെമി ബാഡെനോക്കിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൽ എടുത്തുകാണിച്ച “ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിലെ” എല്ലാവരും സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വളരെ കർശനമായി പാലിക്കണം. കറുത്ത, ന്യൂനപക്ഷ വംശജരെ വൈറസ് കൂടുതൽ മോശമായി ബാധിക്കുന്നുണ്ടെങ്കിലും അത് അവരുടെ വംശീയത കാരണം ആയിരിക്കണമെന്നില്ല, പകരം അവരുടെ ജോലി കാരണമാവാം എന്ന് പ്രൊഫസർ ജോൺ ന്യൂട്ടൺ പറഞ്ഞു. കറുത്ത, ന്യൂനപക്ഷ വംശജരെ അനുപാതമില്ലാതെ വൈറസ് ബാധിക്കുന്നത് എന്തുകൊണ്ടാണെന്നും അത് തടയാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും തുടർന്നുള്ള ജീവിതമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് തന്റെ ജോലി ചെയ്യുന്നതിൽ കൂടുതൽ ആശങ്കയുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്റിലെ 38 കാരിയായ ഡേവിഡ വിൽക്കിൻസ് ബിബിസിയോട് പറയുകയുണ്ടായി.

ചില വിഭാഗത്തിലെ ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൊറോണ വൈറസ് ബാധിക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ദ്രുത അവലോകനം ആരംഭിച്ചത്. പ്രായം, ലിംഗം, വംശീയത, ഭൂമിശാസ്ത്രം തുടങ്ങിയവ കണക്കിലെടുത്താണ് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് വിവരങ്ങൾ ശേഖരിച്ചത്. പ്രായവും ലൈംഗികതയും ഒഴിവാക്കുകയാണെങ്കിൽ, ബംഗ്ലാദേശ് വംശജരായ ആളുകൾക്ക് ബ്രിട്ടീഷ് വംശജരെ അപേക്ഷിച്ച് മരണ സാധ്യത ഇരട്ടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് 40 വയസ്സിന് താഴെയുള്ളവരേക്കാൾ 70 മടങ്ങ് മരണസാധ്യതയുണ്ട്. യുകെയുടെ പിന്നാക്ക പ്രദേശങ്ങളിൽ താമസിക്കുന്നവർ വൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണ്. സെക്യൂരിറ്റി ഗാർഡുകൾ, ടാക്സി അല്ലെങ്കിൽ ബസ് ഡ്രൈവർമാർ, നിർമാണത്തൊഴിലാളികൾ, സാമൂഹിക പരിപാലന ഉദ്യോഗസ്ഥർ എന്നിവർക്ക് കൂടുതൽ അപകടസാധ്യതയുണ്ട്. ചൈനീസ്, ഇന്ത്യൻ, പാക്കിസ്ഥാൻ, മറ്റ് ഏഷ്യൻ, കരീബിയൻ, മറ്റ് കറുത്ത വംശജരായ ആളുകളെ ബ്രിട്ടീഷ് ജനതയുമായി താരതമ്യപ്പെടുത്തുമ്പോൾ 10% മുതൽ 50% വരെ മരണ സാധ്യത കൂടുതലാണ്. അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് സംരക്ഷണം നൽകാത്തതിന് ലേബർ നേതാവ് സർ കീർ സ്റ്റാർമർ സർക്കാരിനെ വിമർശിച്ചു. കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാനും അപകടസാധ്യതകൾ ലഘൂകരിക്കാനും സർക്കാർ ഉടനടി പ്രവർത്തിക്കണമെന്ന് ലേബർ പാർട്ടി എംപി മാർഷ ഡി കോർഡോവ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് 39,369 പേർ യുകെയിൽ മരണമടഞ്ഞതായി ഏറ്റവും പുതിയ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.