അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇനി നമ്മൾക്ക് ശബ്ദത്തേക്കാൾ കൂടിയ വേഗത്തിൽ യാത്രചെയ്യാം. യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും പുത്തൻ നാഴികക്കല്ല് തീർത്ത് ഹൈപ്പർലൂപ്പിടെയുള്ള മനുഷ്യരുടെ ആദ്യ യാത്ര വിജയകരമായി പൂർത്തിയായി. വെർജിൻ ഹൈപ്പർലൂപ്പിൻ്റെ ചീഫ് ടെക്നോളജി ഓഫീസറും സഹ സ്ഥാപകനുമായ ജോഷ് ഗീഗലും പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുച്ചിയനുമാണ് മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിൽ നടത്തിയ പരീക്ഷണത്തിൽ പങ്കെടുത്തത്. 400 ൽ അധികം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മനുഷ്യ യാത്രികർ ഹൈപ്പർ ലൂപ്പിലൂടെ യാത്ര ചെയ്യുന്നത്.

യാഥാർഥ്യമായാൽ യാത്രയ്ക്കും ചരക്കു നീക്കത്തിനും ഏറ്റവും സുരക്ഷിതമായ മാർഗ്ഗമായാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ ശാസ്ത്രലോകം വിലയിരുത്തുന്നത്. ജെറ്റ് വിമാനത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനായി ഹൈപ്പർലൂപ്പ് യാത്ര സംവിധാനത്തെ സങ്കൽപ്പിക്കാം. ട്രെയിൻ കോച്ചിൻ്റെ രൂപത്തിലുള്ള പോഡ് എന്ന് പറയുന്ന ക്യാമ്പിനിലാണ് യാത്ര ചെയ്യുക. മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിലാണ് ഹൈപ്പർലൂപ്പിലൂടെയുള്ള യാത്ര യാഥാർഥ്യമാകുന്നത്. ശബ്ദത്തിൻറെ വേഗത മണിക്കൂറിൽ 1234 കിലോമീറ്ററാണെന്നു കൂടി അറിയുമ്പോഴാണ് ഹൈപ്പർ ലൂപ്പ് യാത്രയുടെ അത്ഭുത വേഗം തിരിച്ചറിയാനാവുക.

നിലവിലുള്ള ഏത് ഗതാഗത സംവിധാനത്തെക്കാളും പത്തിരട്ടി മെച്ചപ്പെട്ടതാണ് ഹൈപ്പർലൂപ്പ് എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. തിരക്കുള്ള സമയത്ത് പോലും മറ്റ് യാത്രാ മാർഗ്ഗങ്ങളെക്കാൾ ചിലവ് കുറവായിരിക്കുകയും ചെയ്യും. തിരക്കില്ലാത്ത സമയത്ത് സൗജന്യ യാത്രയ്ക്ക് പോലും ഹൈപ്പർ ലൂപ്പിൽ സാധ്യമാണ്.

യുകെയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത് . നിലവിൽ വരുമ്പോൾ എഡിൻബറോയിൽ നിന്ന് ലണ്ടനിലേക്കുള്ള 330 മൈൽ ദൂരം 29 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകും. ഇപ്പോൾ ഈ ദൂരം ട്രെയിനിൽ യാത്ര ചെയ്യാൻ നാലു മണിക്കൂർ 20 മിനിറ്റ് ആണ് വേണ്ടിവരുന്നത്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം നടപ്പിലാക്കാൻ വെർജിൻ ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. നടപ്പിലായി കഴിഞ്ഞാൽ പൂനെ മുംബൈ യാത്രാ സമയം 25 മിനിറ്റ് ആയി കുറയ്ക്കാനാവും.