സമ്പര്‍ക്കത്തിലൂടെ രോഗപ്പകര്‍ച്ച. കോവിഡ് 19 രോഗവ്യാപനത്തില്‍ ആലപ്പുഴയിലെ സ്ഥിതി ഗുരുതരം. ഇന്നലെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പേര്‍ക്ക്. അതില്‍ 47 കേസുകളം സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്നത്. രോഗം ബാധിച്ച് ചികിത്സില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ആലപ്പുഴ ജില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതും ഉറവിടമില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നതുമാണ് ആലപ്പുഴ ജില്ലയെ ആശങ്കയിലാക്കുന്നത്.

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ അഞ്ച് പേര്‍ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഗര്‍ഭിണിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് രോഗം പടര്‍ന്നതായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ആരോഗ്യ പ്രവര്‍ത്തകരുമായും മുമ്പ് ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ഗര്‍ഭിണിയായ സ്ത്രീയ്ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാവും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. താലൂക്ക് ആശുപത്രി അടച്ച് പൂട്ടാനായി നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചേര്‍ത്തല താലൂക്കിന് പരിധിയില്‍ വരുന്ന എല്ലാ സ്ഥലങ്ങളും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചേര്‍ത്തല താലൂക്കില്‍ ഉറവിടം അറിയാത്ത ധാരാളം കോവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്.

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേല്‍, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്റര്‍ / കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

ഇന്നലെ 47 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍. ഇവരുടെ ഭര്‍ത്താവിനോടൊപ്പം വള്ളത്തിലും ഹാര്‍ബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ 12 പേര്‍. കായംകുളത്തെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒമ്പത് പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ പട്ടികയിലുള്ള ഒരാള്‍ എന്നിങ്ങനെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ നിരവധിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താമരക്കുളം പഞ്ചായത്തിലെ നൂറനാട് ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐടിബിടി ബറ്റാലിയനിലെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഐടിബിടി ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കായംകുളം മാര്‍ക്കറ്റില്‍ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് മരിക്കുകയും ചെയ്തതോടെ ആ പ്രദശം മുഴുവന്‍ ഭീതിയിലാണ്. ഇയാളില്‍ നിന്ന് ചെറുകിട കട്ടവടക്കാരും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവരടക്കം പച്ചക്കറി വാങ്ങുകയും ചെയ്തിട്ടുള്ളതിനാല്‍ രോഗ വ്യാപനം എത്രത്തോളമുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാനും ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.

ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്കും മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാര കന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന്‌പേര്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ഞൂറ് പേര്‍ വരും. കായകുളം മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി കുറത്തിക്കാട് ഭാഗത്ത് മത്സ്യവില്‍പ്പന നടത്തുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരുടേയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരുടെ മൃദേഹങ്ങള്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച നിര്‍മ്മാണ തൊഴിലാളി ബാബുവിനും ചെന്നിത്തലില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരും പോലീസുകാരും ഉള്‍പ്പെടെ നിരവധി പര്‍ നിരീക്ഷണത്തിലാണ്. മരിച്ച ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല-തൃപ്പെരുംതുറ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി.

എന്നാല്‍ തീരദശത്തെ രോഗ വ്യാപനമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജില്ലയില്‍ പലയിടങ്ങളിലായി മത്സ്യബന്ധനം നടത്തുന്നവര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തീരദേശത്ത് രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. തീരപ്രദേശത്ത് രോഗവ്യാപനം ഉണ്ടായാല്‍ ക്രമാതീതമായി രോഗികളുടെ എണ്ണം ഉയരും എന്നിരിക്കെ അത് തടയാനുള്ള നടപടികളാണ് ആരോഗ്യ-റവന്യൂ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി മഖലയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ കടല്‍ത്തീര പ്രദശത്തും മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. പല പ്രദശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല.

ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ച് മത്സ്യബന്ധനത്തിന് പോവുന്നതും പരസ്പരം സമ്പര്‍ക്കമുണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്തും മത്സ്യവിപണനത്തിനായി നിരവധി ആളുകള്‍ ഒന്നിച്ച് കൂടുന്നതിനാല്‍ രോഗ ബാധയ്ക്കും സാമൂഹ്യ വ്യാപനത്തിനും സാധ്യതയുള്ള സാഹചര്യം പരിഗണിച്ചുമാണ് ജില്ലാ ഭരണകൂടം ഇക്കാര്യം തരുമാനിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കോ ബന്ധുക്കള്‍ക്കോ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തീരനിവാസികള്‍ താമസിക്കുന്നയിടങ്ങളില്‍ പലപ്പോഴും സാമൂഹിക അകലം പാലിക്കുക ദുഷ്‌ക്കരമാണെന്നത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും അധികൃതര്‍ പറയുന്നു. കടലാക്രമണമോ, വെള്ളം ഏറ്റമോ ഉണ്ടായാല്‍ നിരവധി പരെ മാറ്റിപ്പാര്‍പ്പിക്കണ്ടി വരുമെന്നതിനാല്‍ അത്തരം സാഹചര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവക്കുന്നു.