ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസിന്റെ വ്യാപനം കടിഞ്ഞാണില്ലാതെ മുന്നേറുമ്പോൾ രാജ്യത്തെ എല്ലാ മേഖലകളും സ്തംഭനാവസ്ഥയിൽ ആണ്. ലോക് ഡൗണും സാമൂഹിക അകലം പാലിക്കലും ഉടൻതന്നെ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉടനെയൊന്നും പഴയപടി തിരിച്ചുവരാത്ത മേഖല വിദ്യാഭ്യാസരംഗം ആയിരിക്കും. പഴയ രീതിയിലുള്ള ഒരു അധ്യയനം എത്ര നാൾ കഴിഞ്ഞ് സാധ്യമാവും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത സാഹചര്യമാണ് രാജ്യമൊട്ടാകെ. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് നടത്തിയ ഒരു സർവ്വേ പ്രകാരം 81 ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ ഭാവി തൊഴിൽസാധ്യതകളെ കോവിഡ് 19 ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ് 95 ശതമാനം വിദ്യാർത്ഥികളും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്‌ഥിതി കൊറോണ വൈറസ് കാരണം തകരാറിലാവും എന്നും തന്മൂലം പുതിയ തൊഴിലവസരങ്ങൾ കുറയുമെന്നും ഭയപ്പെടുന്നു. കോവിഡ് 19ന്റെ വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം നടത്തുന്ന വിദ്യാർഥികളെയാണ്. സ്കൂൾ പരീക്ഷ ഇല്ലാതെയുള്ള ക്ലാസ് പ്രമോഷൻ ഒക്കെ സാധ്യമാവും. എങ്കിലും ഉയർന്ന ക്ലാസ്സുകളിലും ഉന്നത വിദ്യാഭ്യാസരംഗത്തും ഇത് അപ്രായോഗികമാണ്. അതുകൊണ്ടുതന്നെ പല വിദ്യാർഥികളും തങ്ങളുടെ ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടുമോ എന്ന ഭയപ്പാടിലാണ്. 33 ശതമാനം വിദ്യാർത്ഥികളും ഇനി പഠനത്തിലേക്ക് തിരിച്ചു വരാൻ പറ്റുമോ എന്ന് ഭയം ഉള്ളവരാണ്. കൊറോണ വൈറസ് മൂലമുണ്ടായ തൊഴിൽ നഷ്ടവും മറ്റും ഉള്ള കാരണങ്ങൾ കൊണ്ടും ഇനി പഠനം തുടരണമെന്നുണ്ടെങ്കിൽ 85% വിദ്യാർഥികൾക്കും സാമ്പത്തികമായ താങ്ങുണ്ടെങ്കിൽ മാത്രമേ തുടർപഠനം സാധ്യമാവുകയുള്ളൂ.
വിദ്യാർഥികൾ കൂടുതൽ സാമ്പത്തിക ബാധ്യത ഇല്ലാതെ തുടർപഠനം സാധ്യമാക്കണമെന്നു നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഒരു വർഷത്തെ ഫീസ് എഴുതിതള്ളൽ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളൽ തുടങ്ങിയ നടപടികളിലൂടെ വിദ്യാർത്ഥികളിലുണ്ടായ അരക്ഷിതാവസ്ഥ മാറ്റിയെടുക്കണം എന്നാണ് വിദ്യാർത്ഥി യൂണിയന്റെ ആവശ്യം. വിദ്യാർത്ഥികളിലുള്ള അരക്ഷിതാവസ്ഥ മനസ്സിലാക്കുന്നു എന്നും അവർക്ക് പഠനം പൂർത്തിയാക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു. നിലവിലെ അധ്യയനവർഷത്തിന്റെ ശേഷിക്കുന്നകാലം വിദ്യാർത്ഥികൾക്ക് മെയിന്റനൻസ് ലോണുകളിൽ നിന്നുള്ള പണം ലഭിക്കും. കൂടാതെ അവശത അനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സർവകലാശാലകളുടെ പണം വിനിയോഗിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply