രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പോസിറ്റീവിറ്റി നിരക്കും ഏറ്റവും താഴ്ന്ന നിലകളിലാണ്. ജനജീവിതം പലയിടങ്ങളിലും സാധാരണ നിലയിലായി. കേരളത്തിലടക്കം സ്കൂളുകള്‍ വരെ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍ കോവിഡിന്‍റെ ഒരു മൂന്നാം തരംഗം ഇന്ത്യയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഡെല്‍റ്റ വകഭേദത്തിന്‍റെ ഉള്‍പിരിവായ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ ഉയരുന്നതാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നില്‍. AY4.2 എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം മൂലം 26,000 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ഥ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് AY4.2.

ഇന്ത്യയടക്കം 40ലധികം രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 17 കേസുകളാണ് ഡെല്‍റ്റ പ്ലസ് മൂലം ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം AY4.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷണി പൂര്‍ണമായും അവസാനിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. നാളിതു വരെ റഷ്യ, ചൈന, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം AY 4.2 കേസുകളും കണ്ടെത്തിയത്. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 41,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകളെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മാസങ്ങളിലെ ഉത്സവാഘോഷ സീസണ്‍ വീണ്ടുമൊരു കോവിഡ് തരംഗത്തിലേക്ക് ഇന്ത്യയെ നയിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഇത് എത്ര മാത്രം പ്രായോഗികമാകുമെന്ന് സംശയമുണ്ട്.