ഡോ.ഉഷാറാണി .പി.

ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്നതാണെങ്കിലും ഉൾക്കനംകൊണ്ട് ചിന്തയ്ക്കു സാധ്യതനൽകുന്നു ബഷീർ താഴത്തയിൽ എഴുതി പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ‘കഥ എഴുതുന്ന പെൺകുട്ടി.’ പന്ത്രണ്ടു കഥകളുടെ ഈ സമാഹാരം ചെറുകഥയുടെ ഏറ്റവും പുതിയമുഖം അനാവരണംചെയ്യുന്നു.

കവിതപോലെ മനോഹരമായ പുസ്തകനാമത്തിനു ഹേതുവായ കഥയിലെ, ചുവന്നനിറം ഇഷ്ടമുള്ളതും മുഖശ്രീയുള്ളതുമായ സൽമ ഹൃദയത്തിൽപ്പതിയും. എഴുത്തിൻ്റെ പാതയിലെ കഥാകാരൻ്റെ നിലപാടുവ്യക്തമാക്കുന്ന ചില പ്രസ്താവനകൾ ഈ കഥയിലുണ്ട്. ബിംബങ്ങളുടെ തിരതള്ളലോ അത്യന്താധുനികതയുടെ ദുർഗ്രാഹ്യതയോ ഇല്ല, ലാളിത്യമാർന്ന ഭാഷ എന്നിവ.

പക്ഷേ വിഷാദവും നൈരാശ്യവും അന്യമല്ലതന്നെ. കഥയുടെ അവസാനഭാഗത്തിൽ നോവിൻ്റെ ഭാരം ഘനീഭവിച്ച രൂപമാർന്നു കാണപ്പെടുന്ന സൽമയെപ്പോലെ ‘അക്ഷരങ്ങൾ ഇല്ലാത്ത കത്തുകളി ‘ലെ അച്ഛനെയും കാണുന്നതിൽ അതിശയത്തിൻ്റെ തരിമ്പുപോലും അവശേഷിക്കുന്നില്ല. നാടോടുമ്പോൾ നടുവേ ഓടണമെന്നു വിചാരിക്കുമെങ്കിലും അതിനു ത്രാണിയില്ലാത്ത മുൻതലമുറയുടെ സിംഹഭാഗത്തിൻ്റെ പ്രതിനിധിയാണയാൾ. പുത്രപൗത്രന്മാർ അന്യദേശത്താണെന്ന കാരണത്താൽ ഒറ്റപ്പെടലിൻ്റെയും നിസ്സഹായതയുടെയും നൊമ്പരവും തീവ്രതയുമനുഭവിക്കുന്ന വൃദ്ധജനങ്ങളെ പരാമർശിക്കുന്ന ഒരു രചന ഇതാദ്യമല്ലെങ്കിലും ഈ എഴുത്തുകാരൻ്റെ തൂലികയാൽ ആവർത്തനവിരസതയൊട്ടുമില്ലാതെയും അനുപമമായും അനുഭവപ്പെടുന്നുണ്ട്. ഒപ്പം മരക്കൊമ്പുകളിൽ ഓടിക്കയറാനറിയാത്ത ഏറ്റവും പുതിയ തലമുറയുടെ പ്രകൃതിയോടുള്ള പരാങ്മുഖതയും ദയനീയമാംവിധം സൂചിപ്പിച്ചുപോകുന്ന എഴുത്തുകാരനിലെ അസ്തിത്വദു:ഖവും ഉറക്കെവെളിവാകുന്നു.

ആധുനികമായ കഥാസങ്കേതങ്ങളാൽ രചിക്കപ്പെട്ട ദൈവത്തിൻ്റെ ആഗമനം, കഥയും ജീവിതവും, രാമുണ്ണിമേനോൻ്റെ മരണവും ചിലവെളിപാടുകളും എന്നിവ അക്കാരണംകൊണ്ടു സുഗ്രഹമല്ലാതാകുന്നില്ലതന്നെ.

ദൈവം വെറും പുകപടലമാണോയെന്നു സ്വാഭാവികമായി ചിന്തിച്ചുപോകുന്നതിൽനിന്ന്, ചോദ്യങ്ങളൊന്നും അങ്ങോട്ടു വേണ്ടയെന്നുള്ള എല്ലാ അധികാരികളുടെയും പൊതുസ്വഭാവത്തിനെക്കുറിച്ചു പറയുമ്പോൾ വാസ്തവികതയുടെ വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുന്നു.

ചിന്തിച്ചു തലപുണ്ണാക്കി സമയംകളയുന്നതിനെക്കാൾ നാം ജനിച്ചിട്ടില്ല എന്ന പരമപ്രമാണമുൾക്കൊള്ളുന്ന ആദ്ധ്യാത്മികതയിലേക്കുയർന്ന് ദാർശനികതയുടെ തലമേറാനുള്ള വഴികാട്ടൽ സ്വയം നായകകഥാപാത്രമാവുന്ന കഥാകാരനു അസാദ്ധ്യമല്ലാത്തതാണ്; എല്ലാവരുടെയും ജീവിതത്തിൽ ഒരു കഥയെങ്കിലും കണ്ടെത്താനാവും എന്നൊട്ടും സാരമില്ലാതെ എഴുതുന്ന കഥാകൃത്തിനു പ്രത്യേകിച്ചും.

നിയമത്തിൻ്റെ ഊരാക്കുടുക്കളിൽപ്പെട്ട് നാളുകൾക്കുമുമ്പേ മരിച്ചുകഴിഞ്ഞ രാമുണ്ണിമേനോൻ നമുക്കന്യനല്ല. ശരീരത്തിനു ജീവനുണ്ടായിരിക്കുന്നതും മാനത്തെ മരണംപുൽകുന്നതും അനുഭവവേദ്യമാണ്. സർവ്വസാധാരണമായ വസ്തുതകളെ സാധാരണനിലയിൽനിന്നുകൊണ്ടു നിരീക്ഷിച്ച്, അനിതരസാധാരണമാംവിധമവതരിപ്പിച്ച്, നിസ്സംഗതയോടെ നിൽക്കുന്ന ഈ എഴുത്തുകാരനെ ‘സ്റ്റാർ ബക്ക്സിലെ കോഫി ‘ യിലും നമുക്കു കണ്ടുമുട്ടാം. സുഗന്ധമില്ലാത്ത സുഗന്ധദ്രവ്യങ്ങളുടെ ഓഫീസിനോടു വിടപറയുമ്പോൾ നിർവ്വികാരതയണിഞ്ഞുനിൽക്കുന്ന നായകൻ്റെമേൽ പക്ഷേ വായനക്കാരൻ തുടക്കംമുതൽതന്നെ ഗാഢബന്ധം പുലർത്തിക്കഴിഞ്ഞിരിക്കും.

പൂർണ്ണമായല്ലെങ്കിലും മറഞ്ഞുകഴിഞ്ഞ കൊറോണക്കാലത്തെക്കുറിച്ചുള്ളയോർമ്മപ്പെടുത്തലാകുന്നു ‘കൊറോണ ബാധിച്ച പഴങ്ങൾ’. ‘ഈ കാലവും കടന്നുപോകും’ എന്ന വചനമാകുന്ന കച്ചിത്തുരുമ്പിൽപ്പിടിച്ച് അക്കാലത്തു നാളെയെ വരവേൽക്കാനിരുന്ന വേഴാമ്പലുകളായിരുന്നു നാമെന്നത് വീണ്ടുമെടുത്തണിഞ്ഞ പുറംമോടിയെക്കുറിച്ചൊരു ധാരണനൽകുന്നതുമായി.

ഒരിക്കൽ നന്നെന്നു നിനച്ചത് അനുഭവത്തിലൂടെ അങ്ങനെയല്ലെന്നു ബോദ്ധ്യപ്പെടുത്തുന്ന ‘തിരിച്ചറിവുകൾ’സ്ത്രീപുരുഷ പരസ്പരാകർഷണവും ബന്ധങ്ങളും സ്ത്രീക്കുമാത്രമെങ്ങനെ ബന്ധനമാകുന്നു എന്നതുടർക്കഥയ്ക്ക് ഒരിക്കൽക്കൂടി ആധികാരികതനൽകുന്നു.

ആദ്യത്തെ കഥയായ ‘സ്മൃതിചിത്രങ്ങളാ’കട്ടെ ‘പുസ്തകങ്ങൾ വാഴ്ത്തപ്പെട്ട വേശ്യകളാകുന്നു ‘ എന്ന വ്യത്യസ്തകാഴ്ചപ്പാടുവച്ചതു ശ്രദ്ധേയമായി.’നീ എപ്പോഴും എൻ്റേതുമാത്രമാണ്. എന്നാൽ ഞാൻ നിൻ്റേതുമാത്രമായി ഒതുങ്ങുന്നില്ല’ എന്നു പറയാൻ വെമ്പൽകാണിക്കുന്ന ഈ ഉലകത്തിലെ ഏകസ്‌ത്രീയായ, മദാലസയായ ജയന്തി ഫെർണാണ്ടസ് വ്യക്തിസ്വാതന്ത്ര്യംപ്രാപിക്കുന്ന ആധുനികസ്ത്രീയുടെ സ്വരൂപമായി വിരാജിക്കുമ്പോൾ അതിൻമേലുള്ള ആശ്ചര്യത്തിൻ്റെ മുനയൊടിയുന്നു. തുടർന്ന് ‘കുഞ്ഞാപ്പു മൊല്ലയുടെ നവഭാഷ്യങ്ങളി’ലൂടെ എഴുത്തിൻ്റെ നവമായ പദ്ധതിയിലേക്കുതിരിയാൻ നാമും നിർബ്ബന്ധിതരാകുന്നു.

നെയ്ച്ചോറിലും സൗമ്യ സിസ്റ്ററുടെ ഒരുക്കത്തിലും ഹാസ്യമുണ്ട്. നെയ്ച്ചോറിലേതു വ്യക്തിനിഷ്ഠമാവുമ്പോൾ അടുത്തതിൽ സമഷ്ടിയുടെ ആലോചനാമണ്ഡലത്തിലേക്കു ചേക്കേറുന്നു. നിരുപദ്രവകരമായ പ്രശ്നങ്ങൾക്കിടയിലും പ്രണയംതളിരിടുമെന്നതു ‘നെയ്ച്ചോറി’നെ രുചികരമാക്കുമ്പോൾ മറിച്ചൊരു സന്ദർഭത്തിലായിരുന്നെങ്കിലത് അങ്ങനെയാവില്ലായിരുന്നെന്നു പരോക്ഷമായിപ്പറയുന്നു.

‘ഒരു ചുവന്നപൂവ് ഒഴുകിപ്പോകുന്നതുപോലെ ‘എന്നിങ്ങനെ ആലങ്കാരികതയുടെ വെള്ളിയലുക്കുകൾ ഇതിലുണ്ട്.’ സംഭാരവും ബിയറും സമന്വയിപ്പിച്ചു നോക്കുന്നതിൽ എന്തുമാത്രം ഔചിത്യമുണ്ട്’ എന്നും ‘അപ്പോൾ അവൻ സ്നേഹത്തിൻ്റെ പ്രവാചകനാണെന്ന അറിവ് അവളിലുണ്ടായി’ എന്നുമുള്ള ആലഭാരങ്ങളുമുണ്ട്.

കദനം പേറുന്നില്ലെങ്കിലും കോറിയിടുന്നുണ്ട്, അവശേഷിപ്പിക്കുന്നുമുണ്ട്. വായനയ്ക്കലോസരമേശാത്ത സുഗമമായ കഥനം, ഋജുവായ ആവിഷ്കരണം എന്നിവയാൽ മലയാളിയുടെ മേശപ്പുറത്ത് ഈ കഥാപുസ്തകംകൂടി ഇനിമുതൽ ഇടംപിടിക്കും.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959