കൊവിഡ് ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ഗുരുതര പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അദാനോം ഖെബ്രെയേസുസ് പറഞ്ഞു. ലോകം ഇപ്പോൾ കാണുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കിൽ അത് തെറ്റാണെന്നും വാക്സിനേഷൻ നല്ല രീതിയിൽ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകൾ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് പറഞ്ഞു. ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചുകഴിഞ്ഞു. ലോകത്ത് ഇനി ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഒരു പക്ഷേ ഡെൽറ്റാ വൈറസായിരിക്കാമെന്ന് തെദ്രോസ് വിലയിരുത്തി.