ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ കുറെ നാളുകളായി രാജ്യത്തെ പൊതു ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ് എൻ എച്ച് എസ്. അടിയന്തര ചികിത്സയ്ക്ക് ആയിട്ടുള്ള രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നത് നിത്യേന എന്നവണ്ണം മാധ്യമങ്ങളിൽ തലക്കെട്ട് സൃഷ്ടിക്കുന്നുണ്ട്. എൻഎച്ച്എസ്സിന്റെ സ്ഥിതി വഷളാകുന്നതിൽ നല്ല രീതിയിൽ സർക്കാരും പഴി കേൾക്കുന്നുണ്ട്.

പനിയും കോവിഡും എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചു. ചികിത്സ ആവശ്യമുള്ളവർക്ക് അടിയന്തര സേവനം ലഭിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോവിഡും പനിയും മാത്രമല്ല ജീവനക്കാരുടെ അഭാവവും പ്രതിസന്ധിക്ക് കാരണമാണെന്നാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ അഭിപ്രായപ്പെട്ടത്. ഡിസംബർ 15 – നും 20 – നും നടന്ന നേഴ്സുമാരുടെ സമരങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

അടിയന്തര വൈദ്യസഹായത്തിനായി 25 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ആനെറ്റ് ഫ്യൂറി എന്ന സ്ത്രീ ഒരു യുദ്ധ സിനിമ പോലെയാണെന്നാണ് തന്റെ ആശുപത്രി അനുഭവത്തെ വിശേഷിപ്പിച്ചത്. 13 മണിക്കൂർ ആംബുലൻസിലും 12 മണിക്കൂർ അത്യാഹിത വിഭാഗത്തിലുമാണ് അവർക്ക് കഴിച്ചുകൂട്ടേണ്ടതായി വന്നത് . ആനെറ്റിന്റെ ദുരനുഭവം വൻ പ്രാധാന്യത്തോടെയാണ്ബിബിസി റിപ്പോർട്ട് ചെയ്തത്. തൻറെ 30 വർഷത്തിലെ ജോലിക്കിടയിലെ ഏറ്റവും മോശമായ സാഹചര്യമാണ് നിലവിൽ എൻഎച്ച് എസ് അഭിമുഖീകരിക്കുന്നതെന്ന് കോളേജ് ഓഫ് പാരാമെഡിക്സിലെ റിച്ചാർഡ് വെബ്ബർ അഭിപ്രായപ്പെട്ടു.