സ്വന്തം ലേഖകൻ
ലിവർപൂൾ : ലിവർപൂൾ മേയർ ജോ ആൻഡേഴ്സന്റെ സഹോദരൻ കോവിഡ് ബാധിച്ച് മരണമടഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോട് അടുപ്പിച്ചാണ് അൻഡേഴ്സന്റെ മൂത്ത സഹോദരൻ മരണപ്പെട്ടത്. ട്വീറ്റിൽ വാർത്ത സ്ഥിരീകരിച്ച മേയർ ലിവർപൂൾ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പ്രയത്നങ്ങൾക്ക് നന്ദി പറഞ്ഞു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് വെരി ഹൈ അലേർട്ട് ലെവലിലാണ് ഇപ്പോൾ ലിവർപൂൾ ഉള്ളത്. ജിമ്മുകൾ, ഒഴിവുസമയ കേന്ദ്രങ്ങൾ, ബെറ്റിങ് ഷോപ്പുകൾ, കാസിനോകൾ, ഭക്ഷണം നൽകാത്ത പബ്ബുകൾ എന്നിവ അടയ്ക്കുന്നതിനൊപ്പം നിയമങ്ങൾ പാലിക്കാൻ മേയർ ആളുകളോട് അഭ്യർത്ഥിച്ചു. “ഞങ്ങൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി പരിശ്രമിക്കുന്ന ആശുപത്രി ജീവനക്കാർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു.” സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു.
“”നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. നമുക്ക് ഒരുമിച്ച് നിൽക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ഈ യുദ്ധത്തിൽ വിജയിക്കുകയും ചെയ്യാം.” ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് ലിവർപൂൾ. ചൊവ്വാഴ്ച 3,204 കേസുകളാണ് ലിവർപൂളിൽ രേഖപ്പെടുത്തിയത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് നഗരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ പ്രവർത്തിയെ ഈ ആഴ്ച ആദ്യം ആൻഡേഴ്സൺ വിമർശിച്ചിരുന്നു. ഇതിലൂടെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Leave a Reply