ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്തുമസിനു ശേഷം ഉള്ള ആഴ്ചകളിൽ യുകെയിലെ കോവിഡ് കേസുകൾ ശരാശരി അഞ്ചു ലക്ഷത്തോളം ആയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇത് ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടിയാണ്. സർക്കാരിന്റെ കോവിഡ്-19 ഡാഷ്ബോർഡ് അനുസരിച്ച് ഡിസംബർ 26 മുതൽ ജനുവരി 1 വരെ പ്രതിദിനം ശരാശരി 1173,400 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ഒഎൻഎസ്) കണക്കുകൾ പ്രകാരം യഥാർത്ഥ കേസുകളുടെ എണ്ണം പ്രതിദിനം 479,100 ഓളം ആണ് . രണ്ട് കണക്കുകൾ തമ്മിലുള്ള വ്യത്യാസം ഡാഷ്ബോർഡ് സൈറ്റിൽ എത്ര രോഗികളെ നഷ്ടപ്പെട്ടു എന്ന് കാണിക്കുന്നു. അടുത്ത ആഴ്ച ഇംഗ്ലണ്ടിലെ പ്ലാൻ ബി നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ജനുവരി 27 മുതൽ ഫെയ്സ് മാസ്ക് വെക്കുന്നത് നിർബന്ധമല്ല. ഒമിക്രോൺ തരംഗം വർദ്ധിച്ചു വന്ന സാഹചര്യത്തിൽ ആയിരുന്നു ഈ നിയമങ്ങൾ നടപ്പിലാക്കിയത്.

എന്നിരുന്നാലും സർക്കാരിന്റെ കോവിഡ് ഡാഷ്‌ബോർഡിലെ അണുബാധകളുടെ എണ്ണം യഥാർത്ഥ കണക്കിനേക്കാൾ വളരെ കുറവായിരിക്കാം. വൈറസ് ബാധ സ്ഥിരീകരിച്ചതായി സ്വയം റിപ്പോർട്ട് ചെയ്തവരെ മാത്രമേ ഡാഷ്‌ബോർഡിൽ കാണിക്കുകയുള്ളൂ. അതായത് എത്ര ആളുകൾ ടെസ്റ്റിനായി മുന്നോട്ടുവന്നു, പരിശോധനാഫലങ്ങൾ എത്രപേർ റിപ്പോർട്ട് ചെയ്തു അതുമല്ലെങ്കിൽ കൊറോണാ വൈറസ് ലക്ഷണങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു ടെസ്റ്റ് നടത്തുന്നവർ എന്നിവയെ അനുസരിച്ചിരിക്കും. ഒഎൻഎസിൻെറ കണക്കുകളിൽ വീട്ടിൽ സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്തിയവരുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട് . പോസിറ്റീവ് ഫലം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്ന് പരിഗണിക്കാതെ തന്നെയാണ് ഈ സാമ്പിളുകൾ എടുക്കുക. രാജ്യത്തുടനീളമുള്ള പുതിയ കോറോണ വൈറസിൻെറ കേസുകൾ ഒഎൻഎസ് ഇങ്ങനെ കണ്ടെത്തുന്നു. ഡേറ്റകൾ ശേഖരിക്കാനും പ്രോസസ് ചെയ്യാനും എടുത്ത കാലതാമസമാണ് ക്രിസ്മസിന് ശേഷമുള്ള ആഴ്ചകളിലെ എസ്റ്റിമേറ്റ് ഇപ്പോൾ പ്രസിദ്ധീകരിക്കാൻ കാരണമായത്. ഇതിനിടെ നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിക്കുമ്പോൾ കേസുകളുടെ എണ്ണം കുതിച്ചുയരുമോ എന്ന ആശങ്ക ശക്തമാണ് .