ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ബാധിച്ചവർക്കുള്ള സിക്ക് പേ നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് ബാധിച്ച ശേഷം ഒന്നാം ദിവസം മുതൽ ലഭ്യമായിരുന്ന സിക്ക് പേ, മാർച്ച് 24 മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കോവിഡിനൊപ്പം ജീവിക്കുക എന്ന പുതിയ മാറ്റത്തിനായാണ് ഇത്തരം നടപടികൾ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദീകരിച്ചു.

നാലോ അതിലധികമോ ദിവസം രോഗം മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്ക് മാത്രമായിരിക്കും ഇനി മുതൽ സിക്ക് പേ ലഭ്യമാവുക. ഇതോടൊപ്പംതന്നെ സെൽഫ് – ഐസലേഷന് സഹായകരമായി നൽകിയിരുന്ന 500 പൗണ്ട് വീതമുള്ള അലവൻസും നിർത്തലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പകർച്ചവ്യാധിയുടെ തുടക്കത്തിൽ കോവിഡ് ബാധിച്ച ആദ്യ ദിവസം മുതൽ തന്നെ സിക്ക് പേ നൽകുവാൻ സർക്കാർ തീരുമാനിച്ചിരുന്നു. രോഗം പൂർണമായ തോതിൽ തടഞ്ഞു നിർത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം അന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ ഗവൺമെന്റിന്റെ ഈ തീരുമാനം നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ട്രേഡ് യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


നിലവിൽ ഒരാഴ്ചയിൽ 96.35 പൗണ്ട് എന്നതോതിൽ 28 ദിവസത്തോളമാണ് സ്റ്റാറ്റ്യൂട്ടറി സിക്ക് പേ ലഭ്യമാകുന്നത്. ഗവൺമെന്റിന്റെ ഈ തീരുമാനം സാധാരണക്കാരായ ജോലിക്കാരെ നിർണായകമായ തോതിൽ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. രോഗം വരുന്നവർക്ക് സിക്ക് പേ ലഭ്യമാക്കാതിരുന്നാൽ, സാധാരണക്കാർ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുമെന്നും, ഇത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. നിർധനരായ ജീവനക്കാർക്ക് സിക്ക് പേ ലഭ്യമാകാതെ രോഗം വന്നാൽ വീടുകളിൽ ഇരിക്കാൻ സാധിക്കില്ലെന്നും, ഗവൺമെന്റ് ഈ തീരുമാനം മാറ്റണമെന്നുള്ള ശക്തമായ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.


ഇതോടൊപ്പം തന്നെ എല്ലാവർക്കും ഫ്രീയായി ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ഗവൺമെന്റ് ഉടൻതന്നെ നിർത്തലാക്കുമെന്ന് പുതിയ കോവിഡ് മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കോൺടാക്ട് ട്രെയിസിംഗ് സംവിധാനവും പൂർണമായി നിർത്തലാക്കും. കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് ഉണ്ടായിരുന്ന നിർബന്ധമായ ക്വാറന്റൈനും പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ് ഗ്രൂപ്പുകൾ എല്ലാം തന്നെ പ്രധാനമന്ത്രിയുടെ തീരുമാനത്തോടുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കായിട്ടാണ് അവർ ഈ തീരുമാനങ്ങളെ കാണുന്നത്.