കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.

മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.