ന്യൂസ് ഡെസ്ക് മലയാളം യുകെ
ആധുനിക ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയിൽ നിന്ന് മനുഷ്യരാശി ഇതുവരെ പൂർണ്ണമായും മോചനം പ്രാപിച്ചിട്ടില്ല . ഇതിനിടയിലാണ് കോവിഡ് മൂലമുള്ള മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ലോകമൊട്ടാകെ ഏകദേശം 18 ദശലക്ഷം ജനങ്ങൾ മഹാമാരി മൂലം മരണത്തിന് കീഴടങ്ങി കാണുമെന്നുള്ള റിപ്പോർട്ട് പുറത്തുവന്നു.
യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 191 രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ലോകാരോഗ്യസംഘടന മഹാമാരി പ്രഖ്യാപിച്ച ദിവസം മുതൽ രണ്ടു വർഷക്കാലയളവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . കോവിഡ് പിടിപെടുന്നത് ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായതോ ആയ രോഗാവസ്ഥയുള്ളവരുടെ ആരോഗ്യസ്ഥിതിയെ വഷളാക്കാം എന്ന വസ്തുതകൂടി റിപ്പോർട്ട് തയ്യാറാക്കാൻ ഗവേഷകർ പരിഗണിച്ചിട്ടുണ്ട്.
ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ താഴെ വരുമാനമുള്ള രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക്. എന്നാൽ ഇറ്റലിയിലും യുഎസിൻെറ ചില ഭാഗങ്ങളിലും ഉയർന്ന വരുമാനമുള്ള ചില രാജ്യങ്ങളിലും മരണങ്ങൾ വളരെ ഉയർന്നതാണ്.
Leave a Reply