അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് തങ്ങളുടെ സഹപാഠികളേക്കാൾ പഠനം നഷ്ടമായതെന്നും അതിനാൽ തന്നെ സർവകലാശാലാ പ്രവേശനത്തിന് ആവശ്യമായ ഗ്രേഡുകൾ ഇവർക്ക് നേടാൻ കഴിയുകയെന്നത് സംശയകരമാണെന്നും എസ്എംഎഫിൻെറ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദരിദ്രരായ കുട്ടികളെ ആണെന്നും പലരും തങ്ങളുടെ സർവകലാശാല പ്രവേശനത്തെ കുറിച്ച് ആശങ്കാകുലരാണെന്നും ലണ്ടനിലെ സൗത്തോളിൽ നിന്നുള്ള ഇസ് മീത് ശർമ പറഞ്ഞു. സോഷ്യൽ മൊബിലിറ്റി ഫൗഡേഷൻ നടത്തിയ സർവ്വേ പ്രകാരം കഴിഞ്ഞ രണ്ടു വർഷമായി പരീക്ഷാ സമ്പ്രദായത്തിലുള്ള മാറ്റങ്ങൾ നിരവധി കുട്ടികൾക്ക് തങ്ങളുടെ സഹപാഠികളോടൊപ്പം ഓടി എത്താൻ പ്രയാസകരമാക്കി. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളിലാണ് എസ്എംഎഫ് സർവ്വേ നടത്തിയത്.
സർവ്വേയിൽ പങ്കെടുത്ത 1500 പേരിൽ മൂന്നിലൊന്ന് പേരും സർവകലാശാലയിലേയ്ക്ക് പ്രവേശിക്കാൻ ആവശ്യമായ ഗ്രേഡ് തങ്ങൾക്കു ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കാകുലരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് ലാപ്ടോപ്പുകൾ, ഇന്റർനെറ്റ്, ശരിയായ പഠനാന്തരീക്ഷം എന്നിവയുടെ അഭാവം മൂലം തങ്ങളുടെ സമ്പന്നരായ സഹപാഠികളേക്കാൾ വിദ്യാഭ്യാസം നഷ്ടമായത്. ഈ വർഷം അവതരിപ്പിച്ച പുതിയ നിയമങ്ങൾപ്രകാരം യുകെയിലുള്ള എല്ലാ വിദ്യാർത്ഥികളുടെയും ഫലം അതാത് സ്കൂൾ തലത്തിൽ തന്നെയായിരിയ്ക്കും നിർണയിക്കുക.
Leave a Reply