ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡിൽ നിന്നുള്ള സംരക്ഷണം കാലക്രമേണ കുറയുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നു. കോവിഡ് വാക്സിൻ പരമാവധി ആളുകൾക്ക് നൽകി രോഗമുക്തിയ്ക്കായി ലോകമെങ്ങും പരിശ്രമിക്കുമ്പോഴും പുതിയ കണ്ടെത്തൽ ആശങ്കയുളവാക്കുന്നതാണ്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ഒരു ദശലക്ഷം ആൾക്കാരിൽ നടത്തിയ പഠനഫലമാണ് പുറത്ത് വന്നിരിക്കുന്നത് . ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ആദ്യമാസത്തിൽ 88% സംരക്ഷണം ലഭിച്ചിരുന്നെങ്കിൽ അഞ്ച് മുതൽ ആറ് മാസം കൊണ്ട് സംരക്ഷണം 74% ആയി കുറഞ്ഞു. ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ നാല് അഞ്ച് മാസത്തിനുള്ളിൽ സംരക്ഷണം 77% -ത്തിൽ നിന്ന് 67 % ആയി ആണ് കുറഞ്ഞത്. പഠനത്തിന് വിധേയരായവരെല്ലാം തന്നെ ഫൈസർ അല്ലെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു.
വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് പിടിപെട്ടാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇംഗ്ലണ്ടിൽ പ്രതിരോധകുത്തിവയ്പ് നൽകിയതു മൂലം ഏകദേശം 84, 600 മരണങ്ങളും 23 ദശലക്ഷം പേർക്ക് കോവിഡ് ബാധിക്കുന്നത് ഒഴിവാക്കാനും കഴിഞ്ഞതായാണ് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ടിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിൻ നേരത്തെ സ്വീകരിച്ചവരിൽ ശൈത്യ കാലത്തോടെ കോവിഡിൽ നിന്നുള്ള സംരക്ഷണം 50 % ആയി കുറയുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ടിം സ്പെക്ടർ പറഞ്ഞു. അതുകൊണ്ടുതന്നെ ബൂസ്റ്റർ വാക്സിൻ നൽകുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ഡോസ് വാക്സിൻ തന്നെ കൊടുക്കാൻ പെടാപാടു പെടുന്ന മൂന്നാം ലോകരാജ്യങ്ങൾക്ക് തുടർച്ചയായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടി വരുന്നത് എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ലോകമെങ്ങും ശക്തമാണ്.
Leave a Reply