ദുബായ്: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിനും മുകളിലെത്തി. വ്യാഴാഴ്ച ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾപ്രകാരം 1031 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14-നുശേഷം ഇതാദ്യമായാണ് യു.എ.ഇ.യിലെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന്‌ മുകളിലേക്കുയരുന്നത്. ചികിത്സയിലായിരുന്ന 712 കോവിഡ് രോഗികൾ രോഗമുക്തിനേടി.

കോവിഡ് രോഗികളുടെ എണ്ണം ഉയർന്നെങ്കിലും രാജ്യത്തെ മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസമാണ്. പുതുതായി മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,86,851 കോവിഡ് പരിശോധനകളിൽ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 913,984 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,96,448 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവിൽ 15,231 രോഗികളാണ് ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ വിമാനക്കമ്പനികൾ വീണ്ടും ഓർമപ്പെടുത്തി.

യാത്രക്കാർ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും മാസ്ക് ധരിച്ചിരിക്കണം. യാത്രയിൽ മാസ്‌ക് ധരിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് വിമാനക്കമ്പനികളെ സമീപിച്ച് ഇളവിനുള്ള അനുമതി നേടിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ജനനത്തീയതി, ആരോഗ്യപ്രശ്നം സംബന്ധിച്ച വിവരങ്ങൾ, ഡോക്ടറുടെ പേര്, ഒപ്പ്, സ്റ്റാമ്പ്, ലൈസൻസ് നമ്പർ എന്നിവയുണ്ടാകണം. ഫ്‌ളൈ ദുബായിൽ യാത്രചെയ്യുന്നവർ 72 മണിക്കൂർമുമ്പ് വിമാനക്കമ്പനിയെ ബന്ധപ്പെടണം. പാർക്കിൻസൺ, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് മാസ്ക് ധരിക്കുന്നതിൽ ഇളവുനൽകും. പക്ഷേ, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയിരിക്കണം. ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളിലും ഇതേ നിബന്ധനയാണുള്ളത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും മാസ്ക് നിബന്ധന ബാധകമാണ്.