കോവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് വ്യാപനം അതീവ ഗുരുതരമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിനൊപ്പം പതിനൊന്നിലധികം സംസ്ഥാനങ്ങളാണ് സമ്പൂർണമായി അടച്ചുപൂട്ടിയിരിക്കുന്നത്. ഡൽഹി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ്, ഗോവ സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധസമിതി പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിലേക്ക് കുതിക്കുന്നത് വെല്ലുവിളിയാണ്. നിലവില്‍ പതിനഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗോവയില്‍ 48.5, ഹരിയാന 36.1, പുതിച്ചേരി 34.9, പശ്ചിമ ബംഗാള്‍ 33.1 എന്നിങ്ങനെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുകയാണ്. കര്‍ണ്ണാടക ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.9 ശതമാനമാണെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.
കർണാടകയിലെ ലോക്ക്ഡൗൺ 24 വരെയാണ് നീട്ടിയിരിക്കുന്നത്. ഗോവയിൽ നാളെ മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരിക. 15 ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.
നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവു വന്നത് ആശ്വാസമായിട്ടുണ്ട്. രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഓക്സിജൻ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതൽപേർക്ക് വാക്സിൻ നൽകാനാണ് ഇപ്പോൾ സർക്കാർ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
Leave a Reply