പാലക്കാട് നിരീക്ഷണത്തിലിരിക്കെ പരിശോധന ഫലം വരുംമുമ്പ് ക്വാറൻറീനില്‍നിന്ന് കടന്ന കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസില്‍നിന്ന് പിടികൂടി. മധുരയിൽ ചെരിപ്പ് വ്യാപാരിയാണ് ഇയാൾ. പാലക്കാട് തൃത്താലയിൽ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു ഇയാളെന്ന് ഡി.എം.ഒ കെ.പി. റീത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 23നാണ് ഇയാൾ പട്ടാമ്പിയിലെത്തിയത്. തുടർന്ന് തൃത്താലയിലെ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് സ്രവം പരിശോധനക്കെടുത്തു. ഉച്ചയോടെ കോവിഡ് പോസിറ്റിവായ ഫലമെത്തി. ഇതോടെ ആരോഗ്യ പ്രവർത്തകർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിയുന്നത്. ശനിയാഴ്ച തന്നെ ഇയാൾ ക്വാറൻറീനിൽ കഴിഞ്ഞ വീടുവിട്ടിറങ്ങിയിരുന്നു.
കോഴിക്കോട് വരെ സുഹൃത്തിനൊപ്പം ബൈക്കിലായിരുന്നു യാത്ര. ഇവിടെ നിന്നും കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കും. അരോഗ്യ പ്രവർത്തകർ ബന്ധപ്പെടുമ്പോൾ ഇയാൾ കൊയിലാണ്ടിയിലെത്തിയിരുന്നു. തുടർന്ന് പൊലീസിന് വിവരം കൈമാറുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറടക്കം ബസിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
Leave a Reply