ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം ബ്രിട്ടനിൽ പടർന്നു പിടിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളും ശക്തമാക്കുന്നു. പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഡിസംബർ മാസം മുഴുവൻ നിലനിൽക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിയമം ഡിസംബർ 21 വരെ നിലനിൽക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഒമിക്രോൺ ഉയർത്തുന്ന ഭീഷണി വിലയിരുത്താൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സമയം വേണമെന്നിരിക്കെ കുറഞ്ഞത് മൂന്നാഴ്ച്ചയെങ്കിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കാത്തവര്‍ 200 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. യാത്രാ നിയന്ത്രണങ്ങൾ, പരിശോധനകൾ, പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീൻ എന്നിവയും ഈ മാസം മുഴുവൻ നിലനിൽക്കും. എന്നാൽ പുതുവർഷത്തിൽ പ്ലാൻ ബിയിലേക്ക് മാറാനുള്ള നിർദേശം പ്രധാനമന്ത്രി തള്ളുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. വാക്‌സിന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുക, വർക്ക്‌ ഫ്രം ഹോം തുടങ്ങിയ നിർദേശങ്ങളാണ് പ്ലാൻ ബിയിൽ ഉൾപ്പെടുന്നത്.

അതേസമയം ക്രിസ്മസ് പദ്ധതികളുമായി ധൈര്യമായി മുന്നോട്ട് പോകാൻ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ആഹ്വാനം ചെയ്തു. പ്ലാൻ ബി തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആവശ്യപ്പെട്ട റാബ്, കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണതെന്നും ഓർമിപ്പിച്ചു. വാക്സിനേഷൻ നിയമപരമായി നിർബന്ധമാക്കുന്നതിൽ ജർമ്മനിയെ പിന്തുടരാൻ മന്ത്രിമാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.