മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിനെ നടുക്കിയ സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയം. 7/7 സംഭവത്തിനു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണ് ഇത്. 19 പേര്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട സ്‌ഫോടനത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റു. അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി അവസാനിച്ചപ്പോളാണ് സ്‌ഫോടനമുണ്ടായത്. ഒട്ടേറെ കുട്ടികളും കൗമാരക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന ആശങ്കകളും ഉയരുന്നുണ്ട്.

ഇന്നലെ രാത്രി 10.30ന് ഉണ്ടായ സ്‌ഫോടത്തിനു ശേഷം ആയിരങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വീഡിയോ ഫുട്ടേജുകളില്‍ ദൃശ്യമാണ്. അരിയാന പരിപാടി കഴിഞ്ഞ് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയതിനു ശേഷമാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനശബ്ദം ഓഡിറ്റോറിയത്തിനു പുറത്ത് കേള്‍ക്കാമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. തോക്കില്‍ നിന്ന് വെടി പൊട്ടിയതാണോ അതോ പരിപാടിക്കായി സജ്ജമാക്കിയ സ്പീക്കര്‍ പൊട്ടിത്തെറിച്ചതാണോ എന്ന സംശയം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയെങ്കിലും സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

സ്‌ഫോടനം ആസൂത്രിതമായാണ് നടത്തിയതെന്ന സംശയമാണ് പോലീസിന് ഉള്ളത്. അതുകൊണ്ടുതന്നെ ഇത് ഭീകരാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എത്ര പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം വ്യക്തമല്ല. പക്ഷേ അമേരിക്കന്‍ പോപ് താരത്തിന്റെ ആരാധകരായ കുട്ടികളും കൗമാരക്കാരായ പെണ്‍കുട്ടികളും ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.