കൊവിഡ് ടെസ്റ്റ് ശരാശരിയിൽ കേരളം പിന്നിലാണെന്ന് വാദിക്കാൻ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടെന്ന വിചിത്ര വാദവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ കേരളത്തിന് എഴുതിയ കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു വി മുരളീധരന്റെ പരാമർശം. ഇന്ത്യയിൽ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ കേരളത്തിന് 28ാം സ്ഥാനം മാത്രമാണ് ഉള്ളതെന്നും കേരളത്തിന് പിറകിൽ ഏഴ് സംസ്ഥാനങ്ങൾ മാത്രമേ ഉള്ളൂവെന്നുമാണ്‌വി മുരളീധരൻ പറഞ്ഞത്.
‘ഇന്നലത്തെ കണക്കിൽ ടെസ്റ്റിങ് ആവറേജിൽ കേരളം നിൽക്കുന്നത് 28ാം സ്ഥാനത്താണ്. കാരണം കേരളത്തിൽ ഒരു ലക്ഷത്തിന് 372 പേരെയാണ് ടെസ്റ്റ് ചെയ്യുന്നത്. ദേശീയ ശരാശരി 553 ആണ്. ദേശീയ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, നമ്മളേക്കാൾ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനങ്ങൾ ഉണ്ട്. നമ്മളുടെ പിന്നിൽ നിൽക്കുന്ന ആറേഴ് സംസ്ഥാനങ്ങളേ ഉള്ളൂ. ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ബീഹാർ, തെലങ്കാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ, ഇവരേ നമ്മുടെ പിന്നിൽ നിൽക്കുന്നുള്ളൂ. പക്ഷേ ഈ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനക്കാർ അവരാരും ഞങ്ങൾക്ക് ഈ ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യമില്ല എന്ന് പറയാറില്ല. അതുകൊണ്ട് തന്നെ പ്രതിദിനമുള്ള ടെസ്റ്റുകൾ വർധിപ്പിക്കണമെന്നാണ് പറയാനുള്ളത്’- എവി മുരളീധരൻ പറഞ്ഞതിങ്ങനെ.
ജൂൺ 24 ന് കേന്ദ്രം കേരളത്തിന് എഴുതിയ കത്തിൽ കേരളത്തിനായി പ്രത്യേക മാർഗനിർദേശം പ്രായോഗികമല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം കത്തിൽ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ നിങ്ങൾക്ക് കിട്ടിയത്. കിറ്റും കൊവിഡ് പരിശോധനയും വേണമെന്ന അപ്രയോഗിക സമീപനം മാറ്റിവെച്ച് പ്രായോഗികസമീപനം സ്വീകരിക്കുന്നത് നല്ലതാണ് എന്നാണ് കത്തിൽ പറഞ്ഞത്. മണ്ടത്തരം പറ്റിയത് മനസിലാക്കിയതിൽ സന്തോഷം എന്നാണ് കത്തിൽ പറഞ്ഞത്. ഇതെങ്ങനെയാണ് അഭിനന്ദമാകുന്നത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർത്ഥ വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തിൽ കൊവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും സംബന്ധിച്ച ഒരു പരാമർശവും ഇല്ല. പകരം ആദ്യം സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചതെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ വി മുരളീധരന് മറുപടിയുമായി മന്ത്രി എകെ ബാലൻ. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എകെ ബാലൻ പറഞ്ഞു. വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസ്സിലാക്കണമെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര നിർദേശം അനുസരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം നേരത്തെ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അതിന് മറുപടിയായി അയച്ച കത്താണ് ഇന്നലെ സർക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.
യുഎൻ വെബിനാറിൽ പങ്കെടുത്തത് പോലും സർക്കാർ പിആർ വർക്കിന് ഉപയോഗിച്ചെന്നും കത്ത് ഇടപാടുകളിൽ ഔപചാരികമായ വാക്കുകൾ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി എകെ ബാലൻ.
Leave a Reply