ന്യൂസ് ഡെസ്ക് മലയാളം യുകെ
കോഴിക്കോട് : കേരളത്തിലും ഒമിക്രോൺ ആശങ്ക. യുകെയില്‍ നിന്ന് നവംബര്‍ 21ന് കോഴിക്കോട് എത്തിയ ഡോക്ടര്‍ക്ക് അഞ്ചു ദിവസത്തിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡോക്ടറുടെ സ്രവ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. ഡോക്ടറുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച സംശയം നിലനിൽക്കുന്നതിനാലാണ് കൂടുതൽ പരിശോധനയ്ക്കായി സ്രവ സാംപിളുകൾ അയച്ചത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലുള്ള ഡോക്ടര്‍ക്കും അമ്മയ്ക്കും നേരിയ രോഗലക്ഷണങ്ങളാണുള്ളത്. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച് എട്ടു ദിവസമായിട്ടും ഭേദമാകാത്തതോടെയാണ് ഇരുവരുടെയും സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനു വിധേയമാക്കുന്നത്. അമ്മ ഉള്‍പ്പെടെ രണ്ടു പേരാണ് ഡോക്ടറുമായി പ്രാഥമിക സമ്പര്‍ക്കത്തിലുണ്ടായിരുന്നത്. ഇവർ പ്രത്യേക നിരീക്ഷണത്തിലാണ്.
നാട്ടിൽ എത്തിയതിനു ശേഷം നാല് ജില്ലകളിൽ ഇദ്ദേഹം യാത്ര ചെയ്തിരുന്നു. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വിവിധ ജില്ലകൾക്ക് കൈമാറിയതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖ് അറിയിച്ചു. ഇന്നാണ് സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അധികം വൈകാതെ തന്നെ ഫലം വരുമെന്നാണ് സൂചന.
Leave a Reply