കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് എയർ കാനഡ. ഏറ്റവും വലിയ കനേഡിയൻ എയർലൈനാണ് എയർ കാനഡ. എയർ കാനഡയുടെ എല്ലാ ജീവനക്കാരും സർക്കാരിന്റെ കൊറോണ മാർഗനിർദ്ദേശമനുസരിച്ച് പൂർണമായും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റസ്സോ പറഞ്ഞു.
“ഞങ്ങളുടെ ജീവനക്കാർ കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ അവരുടെ പങ്ക് കൃത്യമായി നിർവഹിച്ചിരിക്കുകയാണ്. എയർ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചു. ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്,“ റസ്സോ പറഞ്ഞു.
വാക്‌സിൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അലർജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്തവർ കമ്പനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എയർ, റെയിൽ, ഷിപ്പിംഗ് കമ്പനികൾ അവരുടെ ജീവനക്കാർക്ക് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
വ്യോമയാന മേഖലയിലാണ് നിയമം കർശനമാക്കിയത്. എയർപോർട്ടുകളിലെ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർ വാക്‌സിനേഷൻ സ്വീകരിക്കണമെന്നത് നിർബന്ധമായിരുന്നു. കാനഡയിൽ ഇതുവരെ 1,720,355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,283 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യയുടെ 78 ശതമാനവും വാക്‌സിനേഷൻ സ്വീകരിച്ചതായാണ് കണക്ക്.
Leave a Reply