ന്യൂസ് ഡെസ്ക് മലയാളം യുകെ
യുഎസിൽ പടർന്നുപിടിച്ച ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തെ യു കെയിൽ കണ്ടെത്തി. യുകെയിൽ പുതിയ വൈറസ് വകഭേദത്തിൻെറ 55 കേസുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്തു . പുതിയതായി കണ്ടെത്തിയ വൈറസിന് വാക്സിൻ ഫലപ്രദമല്ലന്നതാണ് കൂടുതൽ ആശങ്ക ഉളവാക്കുന്നത്.
കൊളംബിയയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ വേരിയന്റ് മെയ് മാസത്തിലാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ വൈറസ് ആദ്യകാല കോവിഡ് വൈറസിനേക്കാൾ വേഗത്തിൽ പകരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ വൈറസ് വാക്സിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നത് ഭാവിയിൽ ഭീഷണിയായി തീരുമെന്ന് വാർവിക്ക് മെഡിക്കൽ സ്കൂളിലെ വൈറോളജിസ്റ്റ് പ്രൊഫസർ ലോറൻസ് യംഗ് പറഞ്ഞു.
ഇതിനിടെ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഇതുവരെ 7 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 156, 119 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. എന്നാൽ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കും യഥാർത്ഥത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. മഹാമാരിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ മാത്രമേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടായിരുന്നുള്ളൂ. പരിശോധനകൾ വ്യാപകമായി നടത്തിയപ്പോഴും രോഗലക്ഷണമില്ലാത്ത കോവിഡ് കേസുകൾ ഒട്ടേറെ ഉള്ളതാണ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്നുള്ള പറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Leave a Reply