സൗത്ത് വെയില്‍സ്: ഇന്‍ഷുറന്‍സ് തുക തട്ടുന്നതിനായി മനഃപൂര്‍വം അപകടമുണ്ടാക്കിയ എന്‍എച്ച്എസ് നേഴ്‌സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നിക്കോള ബാര്‍ട്ട്‌ലെറ്റ് എന്ന 50കാരിയായ നേഴ്‌സിനാണ് തട്ടിപ്പ് പുറത്തു വന്നതിനേത്തുടര്‍ന്ന് ജോലി നഷ്ടമായത്. അപകടത്തില്‍ പരിക്കുപറ്റിയെന്ന് റിപ്പോര്‍ട്ട് ചെയ്തതിനേത്തുടര്‍ന്ന് ഇവര്‍ക്ക് 16,764 പൗണ്ട് നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിച്ചിരുന്നു. സൗത്ത് വെയില്‍സിലെ ന്യൂപോര്‍ട്ടിലുള്ള ബന്ധുവിന്റെ ഈസിഫിക്‌സ് എന്ന ഗ്യാരേജുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചത്.

ന്യൂപോര്‍ട്ടില്‍ വെച്ച് തന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചു എന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടത്. 2010ല്‍ നടന്നുവെന്ന് അവകാശപ്പെടുന്ന അപകടത്തില്‍ തനിക്കും തന്റെ സഹോദരനും പരിക്ക് പറ്റിയതായും വാഹനം പൂര്‍ണ്ണമായും തകര്‍ന്നുവെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. വാഹനം ഉപയോഗശൂന്യമായെന്ന് എഴുതിത്തള്ളിയ ഗ്യാരേജില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളിപൊളിഞ്ഞത്. 2009നും 2011നുമിടയില്‍ 7,50,000 പൗണ്ട് തട്ടിയെടുക്കാന്‍ 28 വ്യാജ അപകടങ്ങള്‍ ഈ ഗ്യാരേജ് സൃഷ്ടിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഗ്യാരേജിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. ഒരു ലാന്‍ഡ് റോവര്‍ ഒരു ഫോര്‍ക്ക് ലിഫ്റ്റ് ട്രക്കിലേക്ക് മനഃപൂര്‍വം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോ ഇവിടെനിന്ന് ലഭിച്ചു. തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാര്‍ട്ടെലെറ്റ് ഗൂഢാലോചന നടത്തിയതായും ഇവര്‍ കുറ്റക്കാരിയാണെന്നും കാര്‍ഡിഫ് ക്രൗണ്‍ കോടതി 2015ല്‍ വിധിച്ചിരുന്നു. 9 മാസത്തെ ജയില്‍ തടവും 250 മണിക്കൂര്‍ കമ്യൂണിറ്റി സര്‍വീസും 1350 പൗണ്ട് തിരിച്ചടക്കാനുമാണ് ഇവര്‍ക്ക് ലഭിച്ച ശിക്ഷ.

തൊഴിലിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് വൈസ്റ്റാര്‍ ഫോര്‍ ഹോസ്പിറ്റല്‍ ഇവരെ പുറത്താക്കിയത്. 2018 ജനുവരിയിലാണ് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇവരുടെ തടവ് ശിക്ഷ അവസാനിക്കുന്നത്. അപ്പോഴേക്കും ഒരു പ്രൊഫഷണല്‍ മിസ്‌കോണ്‍ഡക്റ്റ് ട്രയല്‍ ഇവര്‍ക്കെതിരെ ഉണ്ടാകും.