ന്യൂഡൽഹി∙ ഇന്ത്യയിൽ കൊറോണ വൈറസിന്റെ മൂന്നു വകഭേദം ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ വകഭേദങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. യുകെയിൽനിന്നു വന്ന 187 പേർക്കും, ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന നാല് പേർക്കും ബ്രസീലിൽനിന്നു വന്ന ഒരാൾക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പർക്കം വന്ന എല്ലാവർക്കും പരിശോധന നടത്തുകയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് രോഗത്തിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ഇതുവരെ യുഎസ് ഉൾപ്പെടെ 41 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. യുകെ വകഭേദം 82 രാജ്യങ്ങളിലും ബ്രസീൽ വകഭേദം 9 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.

ലോകാരോഗ്യ സംഘടന പറയുന്നതുപ്രകാരം, പുതിയ വകഭേദങ്ങൾ വൈറസ് പടർത്തുന്നതു വേഗത്തിലാക്കുന്നതും വാക്സീനുകൾ ഫലപ്രദമാകാനുള്ള സാധ്യത കുറവുള്ളതുമാണ്. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

20ഐ/501വൈ.വി2 (ബി.1.351) എന്നറിയപ്പെടുന്നതാണ് ദക്ഷിണാഫ്രിക്കൻ വേരിയന്റ്. 20ഐ/501വൈ.വി1 (ബി.1.17) എന്നറിയപ്പെടുന്നതാണ് യുകെയിൽ കണ്ടെത്തിയ കെന്റ് വേരിയന്റ്. ബ്രസീലിയൻ വൈറസ് വേരിയന്റ് അറിയപ്പെടുന്നത് പി.1 എന്നാണ്. ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്ന് അടുത്തിടെ യുകെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരൺ പീകോക്ക് വ്യക്തമാക്കിയിരുന്നു.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിലാണ് ആദ്യമായി ജനിതക പരിവർത്തനം വന്ന യുകെ വൈറസിനെ കണ്ടെത്തിയത്. ‘ആശങ്കപ്പെടേണ്ട വേരിയന്റ്’ എന്നാണ് അതിനെ രാജ്യത്തെ ന്യൂ ആൻഡ് എമേർജിങ് റെസ്പിരേറ്ററി വൈറസ് ത്രെറ്റ്സ് അഡ്വൈസറി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ആ വൈറസുകളിലെ സ്പൈക്ക് പ്രോട്ടിനുകളിൽ വീണ്ടും ജനിതകമാറ്റം സംഭവിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇ484കെ എന്ന മ്യൂട്ടേഷൻ സംഭവിച്ച അത്തരം ഇരുപതിലേറെ കേസുകൾ ഇതിനോടകം യുകെയിൽ മാത്രം കണ്ടെത്തി. ഇതേമാറ്റം ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും വേരിയന്റുകളിലും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗമായി അവ വളരുകയാണ്, അതിവേഗത്തിൽ. ഇതു വർധിച്ചുകൊണ്ടിരിക്കുമെന്നും ഷാരൺ വ്യക്തമാക്കുന്നു.

കൂടുതൽ പേരിലേക്ക് പെട്ടെന്നു പടരും എന്നതാണ് പുതിയ വേരിയന്റുകളുടെ പ്രത്യേകത. എന്നാൽ മരണത്തിന് കാരണമാകും വിധം പ്രശ്നക്കാരല്ല ഇവ. പക്ഷേ ഒട്ടേറെ പേരിലേക്ക് ഒരേസമയം രോഗം പടരുന്നതോടെ ആരോഗ്യ സംവിധാനങ്ങൾ തികയാതെ വരികയും മരണത്തിനു കാരണമാകുകയും ചെയ്യുമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.