കോവിഡ് പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി; റിയാദിൽ കുരുന്നു ബാലന് ദാരുണാന്ത്യം

കോവിഡ് പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി; റിയാദിൽ കുരുന്നു ബാലന് ദാരുണാന്ത്യം
July 15 08:33 2020 Print This Article

കോവിഡ് 19 പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി ബാലന് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് സംഭവം. പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടിക്ക് കോവിഡ് ആണോയെന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയത്.

റിയാദിലെ ശഖ്‌റ ജനറല്‍ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങി. ഇത് നീക്കം ചെയ്യുന്നതിനായി ഓപ്പറേഷന്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.

തുടര്‍ന്ന് ജനറല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായി കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പിതാവ് രംഗത്തെത്തി.

അനസ്‌തേഷ്യ നല്‍കുന്ന കാര്യത്തില്‍ ആദ്യം താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് അബ്ദുള്ള അല്‍ ജൗഫാന്‍ പറയുന്നത്. ഓപ്പറേഷന് ശേഷം സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ പരിശോധന ആവശ്യപ്പെട്ടെങ്കിലും ലീവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നു.

കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.. ആരോഗ്യസ്ഥിതി മോശമാകുന്നത് കണ്ട് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും ആംബുലന്‍സ് എത്താന്‍ വൈകി.. വാഹനം എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു’ പിതാവ് വ്യക്തമാക്കി.

സംഭവത്തില്‍ അടിയന്തിര അന്വേഷണകമ്മിറ്റി രൂപീകരിച്ച് അന്വേഷണം വേണമെന്നാണ് ജൗഫാന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കി. വിഷയത്തില്‍ നേരിട്ട് ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles